മക്ക ഹറമിലേക്ക് പ്രവേശന പെർമിറ്റ് ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം

മദീനയിലെ മസ്ജിദു നബവിയിലേക്ക് പ്രവേശിക്കുന്നതിന് നേരത്തെ തന്നെ പെർമിറ്റ് ആവശ്യമുണ്ടായിരുന്നില്ല. ഹറം പള്ളികളിൽ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥയും പിൻവലിച്ചതോടെ കോവിഡിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ഹറമും പരിസരവും മാറി.

Update: 2022-03-06 15:56 GMT
Advertising

മക്കയിലേയും മദീനിലേയും ഹറം പള്ളികളിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉംറ ചെയ്യുന്നതിനും മദീനയിലെ റൗദാ ശരീഫിൽ നമസ്‌കരിക്കുന്നതിനും മാത്രമാണ് പെർമിറ്റ് ആവശ്യമുള്ളത്. റമദാൻ മാസത്തിൽ ഉംറ ചെയ്യുന്നതിനുള്ള പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

മദീനയിലെ മസ്ജിദു നബവിയിലേക്ക് പ്രവേശിക്കുന്നതിന് നേരത്തെ തന്നെ പെർമിറ്റ് ആവശ്യമുണ്ടായിരുന്നില്ല. ഹറം പള്ളികളിൽ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥയും പിൻവലിച്ചതോടെ കോവിഡിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ഹറമും പരിസരവും മാറി. പെർമിറ്റ് ആവശ്യമില്ലെന്ന അറിയിപ്പ് വന്നതോടെ ത്വവാഫ് ചെയ്യുവാനും നമസ്‌കരിക്കുവാനും വിശ്വാസികൾ കൂട്ടത്തോടെ എത്തി തുടങ്ങി. എന്നാൽ ഹറം പള്ളികളിൽ മാസ്‌ക് ധരിക്കണമെന്ന നിബന്ധന മാറ്റമില്ലാതെ തുടരും. കൂടാതെ തവക്കൽനാ സ്റ്റാറ്റസ് ഇമ്മ്യൂൺ ആയിരിക്കണമെന്ന വ്യവസ്ഥയിലും മാറ്റമില്ല.

മദീനയിൽ മസ്ജിദു നബവയിലെ റൗദാ ശരീഫിൽ നമസ്‌കരിക്കുന്നതിനും മക്കയിൽ ഉംറ ചെയ്യുന്നതിനും മാത്രമേ മുൻകൂട്ടി പെർമിറ്റ് എടുക്കേണ്ടതുള്ളൂ. മദീനയിൽ പ്രവാചകന്റെ ഖബറിടത്തിൽ സലാം പറയാൻ പെർമിറ്റ് ആവശ്യമില്ലെന്ന വ്യവസ്ഥ നിലവിൽ വന്നതോടെ വിശ്വാസികളുടെ നീണ്ട നിരയാണ് ഹറം മുറ്റത്ത് കാണപ്പെടുന്നത്. അടുത്ത മാസം മുതൽ വിശുദ്ധ റമദാൻ ആരംഭിക്കുന്നതോടെ ഇരു ഹറമുകളിലും തിരക്ക് കൂടുതൽ വർധിക്കും. റമദാനിലേക്കുള്ള ഉംറ പെർമിറ്റുകൾ തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴി അനുവദിച്ച് തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷം വന്നെത്തുന്ന കോവിഡ് നിയന്ത്രണങ്ങളില്ലാത്ത റമദാനിൽ ഇത്തവണ തറാവീഹ്, ഖിയാമുല്ലൈൽ നമസ്‌കാരങ്ങൾക്കും കൂടുതൽ വിശ്വാസികളെത്തും. തിരക്ക് കൂടാനാള്ള സാധ്യത മുന്നിൽ കണ്ട് വൻ ക്രമീകരണങ്ങളാണ് ഇരു ഹറമുകളിലും ഒരുക്കുന്നത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News