ഡീസൽ കള്ളക്കടത്ത്: സൗദിയിൽ പ്രതികൾക്ക് 65 വർഷം തടവും 29 മില്യൺ റിയാൽ പിഴയും

സബ്സിഡിയിൽ ഗവൺമെൻറ് വിതരണം ചെയ്യുന്ന ഡീസൽ അനധികൃതമായി വിദേശ രാജ്യങ്ങളിലേക്ക് കടത്തിയതിനാണ് ശിക്ഷ

Update: 2022-11-02 19:07 GMT
Advertising

സൗദി അറേബ്യയിൽ ഡീസൽ കള്ളക്കടത്ത് കേസിൽ പ്രതികൾക്ക് 65 വർഷം തടവും 29 മില്യൺ റിയാൽ പിഴയും ശിക്ഷ വിധിച്ചു. ഗവൺമെൻറ് സബ്സിഡിയിൽ വിതരണം ചെയ്യുന്ന ഡീസൽ അനധികൃതമായി വിദേശ രാജ്യങ്ങളിലേക്ക് കടത്തിയതിനാണ് ശിക്ഷ. വിദേശികളുൾപ്പെടെ 11 പേരാണ് തട്ടിപ്പ് നടത്തിയത്. പെട്രോൾ ബങ്കുകളുടെ മറവിൽ സബ്‌സിഡിയിൽ വൻ തോതിൽ ഡീസൽ സംഭരിച്ച് വിദേശ രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു.

പ്രതികൾക്ക് 65 വർഷം തടവും 29 മില്യൺ റിയാൽ പിഴയും ചുമത്തിയതായി പബ്ലിക്ക് പ്രോസിക്യൂഷൻ വൃത്തങ്ങൾ അറിയിച്ചു. ഒരു പെട്രോൾ വ്യാപാര സ്ഥാപനത്തെ മറയാക്കിയാണ് വിദേശികളുൾപ്പെടെ 11 പേരടങ്ങുന്ന സംഘം തട്ടിപ്പ് നടത്തിയത്. സബ്‌സിഡി ഉപയോഗിച്ച് പൊതുമുതൽ തട്ടിയെടുത്ത് വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി കടത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. കൂടാതെ കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ രേഖ നിർമാണം, ബിനാമി ബിസിനസ്, ബാങ്കിംഗ് കൺട്രോൾ നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങളും പ്രതികൾ നടത്തിയതായി അന്വേഷണങ്ങളിൽ വ്യക്തമായി. പ്രതികൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച വസ്തുവകകളും ആസ്തികളും സംവിധാനങ്ങളും കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണവും കണ്ടുകെട്ടാനും കോടതി നിർദേശിച്ചു. കുറ്റക്കാരായവരുടെ ഉടമസ്ഥതയിലുള്ള പെട്രോൾ ബങ്കുകളുടെ ലൈസൻസുകൾ റദ്ദാക്കാനും, സർക്കാർ വകുപ്പുകളുമായി പുതിയ കരറുണ്ടാക്കുന്നതിൽ നിന്ന് തടയാനും കോടതി നിർദേശിച്ചു. കുറ്റക്കാരായ വിദേശികളെ ശിക്ഷ കാലാവധിക്ക് ശേഷം സൗദിയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.


Full View

In Saudi Arabia, the defendants were sentenced to 65 years in prison and fined 29 million riyals in the diesel smuggling case.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News