ഡെലിവറി ഭക്ഷണത്തിന്റെ ഗുണമേന്മ കൂട്ടും; സൗദിയിൽ പാക്ക് ഇറ്റ് മോർ പദ്ധതിക്ക് തുടക്കം
റിയാദ് മുനിസിപ്പാലിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്
റിയാദ്: സുരക്ഷിത പാക്കിങ്ങിൽ ഭക്ഷണം ഡെലിവറി ചെയ്യുന്നു എന്നുറപ്പാക്കാനും ഗുണമേന്മ ഉറപ്പാക്കാനുമായി പുതിയ പദ്ധതിക്ക് രൂപം നൽകി സൗദി അറേബ്യ. പദ്ധതിയുടെ ഭാഗമായി വിവിധ മാനദണ്ഡങ്ങളും പുറത്തിറക്കി. ഈ മാസം 20ഓടെ പദ്ധതി പ്രാബല്യത്തിൽ വരും. റിയാദ് മുനിസിപ്പാലിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പാക്ക് ഇറ്റ് മോർ എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. ഭക്ഷ്യ വസ്തുക്കൾ, ചൂടാറാതെയും പൂർണമായ ഗുണമേന്മയോടെയും പാക്കിങ് നശിക്കാതെയും എത്തിക്കുകയാണ് ലക്ഷ്യം.
നിരവധി മാനദണ്ഡങ്ങളാണ് ഇതിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ളത്. അവ ഇപ്രകാരമാണ്: ഭക്ഷണത്തിന്റെ ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കണം, ഭക്ഷണം പൊടിഞ്ഞു പോവുന്നതും പരസ്പരം കലരുന്നതും തടയുന്ന കട്ടിയുള്ള പാക്കിങ് സംവിധാനം ഉപയോഗിക്കണം. ഭക്ഷണ പാക്ക് ഉപഭോക്തവല്ലാതെ മറ്റാരും തുറന്നിട്ടില്ലെന്ന് ഉറപ്പാക്കാൻ പാക്കിങ് സീൽ പോലുള്ള സംവിധാനം വേണം, ഡെലിവറി ചെയ്ത ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ ഉപപോക്താവിനെ അനുവദിക്കണം, എക്‌സ്പയറി തീയതി പോലുള്ള ഉൽപന്നത്തിന്റെ അടിസ്ഥാന വിവരങ്ങൾ പാക്കിൽ വ്യക്തമാക്കിയിരിക്കണം തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ. മൂന്നു മാസങ്ങൾക്ക് ശേഷം പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തും. ഇതിനായി ഉപഭോക്താക്കളുടെ അഭിപ്രായം ശേഖരിക്കും.