റിയാദ് വിമാനത്താവളത്തിലെ ടെർമിനലുകൾ മാറുന്നു: മാറ്റം ഡിസംബർ ആറ് മുതൽ
ഇന്ത്യയിലേക്ക് ടെർമിനൽ നാലിൽ നിന്നാകും വിമാനം
സൗദിയിലെ റിയാദ് വിമാനത്താവളത്തിൽ നിന്നും ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേക്കുമുള്ള യാത്രാ ടെർമിനൽ മാറുന്നു. ഈ മാസം ആറിന് ചൊവ്വാഴ്ച മുതൽ നാലാം ടെർമിനലിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പറക്കുക. വിവിധ രാജ്യങ്ങളിലേക്കുള്ള ടെർമിനൽ മാറിയതോടെ യാത്രക്കു മുന്നേ ടെർമിനൽ ഉറപ്പു വരുത്തണം.
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ വഴിയായിരുന്നു ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ. ഡിസംബർ ആറ് മുതൽ അത് നാലാം ടെർമിനലിലേക്ക് മാറും. റിയാദ് വിമാനത്താവളത്തിലേക്ക് വാഹനവുമായി പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നതാണ് നാലാം ടെർമിനൽ. ഇന്ത്യയിലേക്കടക്കം ഫ്ലൈ നാസിന്റെ വിമാനങ്ങൾ ഇതുവരെ ടെർമിനൽ രണ്ടിലാണ് വന്നു പോയിരുന്നത്. ഇനിയിത് മൂന്നാം ടെർമിനലിലേക്കാണ് വരിക.
ഫ്ലൈ അദീൽ സർവീസുകളും മൂന്നിലേക്കാണ് വന്നു പോവുക. ഈ മാസം എട്ടു മുതലാകും ഈ മാറ്റം. ഇതോടൊപ്പം സൗദി എയർലൈൻസിന്റെ ടെർമിനലുകളിലും മാറ്റം വന്നു. ഡിസംബര്‍ നാലിന് ഉച്ച മുതലാണ് സൗദിയയുടെ ടെര്‍മിനല്‍ മാറ്റം തുടങ്ങുന്നത്. അബൂദാബി, ബഹ്‌റൈന്‍, ബെയ്‌റൂത്ത്, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനങ്ങളും നാലാം ടെര്‍മിനിലേക്ക് ഞായറാഴ്ച മാറും. ദുബായ്, കയ്‌റോ, ശറമുല്‍ശൈഖ്, ബുര്‍ജുല്‍ അറബ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഡിസംബര്‍ അഞ്ചിനാകും നാലാം ടെര്‍മിനലിലേക്ക് മാറ്റുക. ഫലത്തിൽ ഫ്ലൈനാസും അദീലുമൊഴികെ എല്ലാ അന്താരാഷ്ട സർവീസും ഇനി ടെർമിനൽ നാലു വഴിയാകും.