സൗദിയില്‍ വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണ നടപടി തുടങ്ങി
ആദ്യ പടിയായി രാജ്യത്തെ 22 വിമാനത്താവളങ്ങളെ എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനിക്ക് കൈമാറും
സൗദിയില്‍ വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിന് നടപടികള്‍ ആരംഭിച്ചു. ആദ്യ പടിയായി രാജ്യത്തെ 22 വിമാനത്താവളങ്ങളെ എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനിക്ക് കൈമാറും. സിവില്‍ ഏവിയേഷന്‍ മേധാവിയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്.
സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ വിമാനത്താവളങ്ങളും സ്വകാര്യ വല്‍ക്കരിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവയേഷന്‍ മേധാവി അബ്ദുല്‍ അസീസ് അല്‍ ദുവൈലിജ് അറിയിച്ചു. ആദ്യ പടിയായി രാജ്യത്തെ ഇരുപത്തി രണ്ട് വിമാനത്താവളങ്ങളെ എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനിക്ക് കീഴിലേക്ക് മാറ്റും.
അടുത്ത വര്‍ഷം തുടക്കത്തില്‍ തായിഫ്, അല്‍ഖസീം വിമാനത്താവളങ്ങളുടെ കൈമാറ്റം നടത്താനാണ് പദ്ധതി. തുടര്‍ന്ന് മറ്റു വിമാനത്താവളങ്ങളുടെ ആസ്തി കൈമാറ്റവും പൂര്‍ത്തിയാക്കുമെന്നും ഏവിയേഷന്‍ മേധാവി വ്യക്തമാക്കി. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഹൈക്കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പദ്ധതി പൂര്‍ത്തികരിക്കുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മികച്ച സേവനം, പ്രവര്‍ത്തന ചിലവ് നിയന്ത്രിക്കല്‍, ഊര്‍ജ ഉപഭോഗം കുറക്കുക, പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവയും സ്വകാര്യ വല്‍ക്കരണം വഴി ലക്ഷ്യമിടുന്നുണ്ട്.