സൗദി അറേബ്യയിൽ നാളെ മുതൽ വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്
മഴ ശക്തമായാൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്
സൗദി അറേബ്യയിൽ നാളെ മുതൽ വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും മഴയും മഞ്ഞ് വീഴ്ചയും ഉണ്ടാകും. ചില പ്രദേശങ്ങളിൽ താപനില കുറഞ്ഞ് ഒന്നിനും അഞ്ച് ഡിഗ്രി സെൽഷ്യസിനും ഇടയിലെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മുതൽ ഇടത്തരം മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നും വെള്ളിയാഴ്ച വരെ ഇത് തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മഴ ശക്തമായാൽ മക്ക, ജിദ്ദ, തായിഫ്, റാബിഗ്, ജമൂം, അൽ-കാമിൽ, ഖുലൈസ്, ബഹ്‌റ, അൽ-ലൈത്ത്, കുൻഫുദ, ഉർദിയാത്ത്, അദം മെയ്‌സാൻ എന്നി പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. തബൂക്കിലെ ഹൈറേഞ്ചുകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകും. അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍, ഹായില്‍, മദീന എന്നിവിടങ്ങളില്‍ മഞ്ഞു കാലാവസ്ഥയായിരിക്കും. റിയാദ്, മദീന, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ് എന്നിവിടങ്ങളിലും കിഴക്കന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും മഴക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ മേഖലകളിലെ തീരപ്രദേശങ്ങളിൽ തിരമാലകൾ ശക്തമാകുമെന്നും, രണ്ടര മീറ്റർ വരെ ഉയരത്തിലെത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വടക്കൻ അതിർത്തി പ്രദേശങ്ങൾ, ഹായിൽ, മദീന മേഖലയുടെ വടക്ക് എന്നിവിടങ്ങളിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ കുറഞ്ഞ താപനില 1 നും 5 ഡിഗ്രി സെൽഷ്യസിനും ഇടയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം മുതൽ , റിയാദ്, ഖസിം മേഖല, കിഴക്കൻ മേഖലയുടെ വടക്ക് എന്നിവിടങ്ങളിൽ 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ താപനിലയെത്തുെമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.