ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചത് മലപ്പുറം സ്വദേശി; പരിക്കേറ്റവരുടെ നില ഗുരുതരം

ഒമ്പത് മലയാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.

Update: 2023-10-18 19:08 GMT
Editor : rishad | By : Web Desk

യാക്കൂബ് അബ്ദുല്ല

Advertising

ദുബൈ: കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലപ്പുറം സ്വദേശി മരിച്ചു. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. ഒമ്പത് മലയാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഇന്നലെ അർധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം. 12.20 ഓടെ ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ നിധിൻ ദാസ്, ഷാനിൽ, നഹീൽ എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിധിൻ ദാസിന്റെ പരിക്കുകൾ അതീവ ഗുരുതരമാണെന്ന് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ഫവാസ് പറഞ്ഞു.

മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. മിക്കവരും ബാച്ച് ലര്‍ താമസക്കാരായിരുന്നു. റാശിദ് ആശുപത്രിയില്‍ അഞ്ചുപേരും, എൻ എം സി ആശുപത്രിയിൽ നാലുപേരും ചികിൽസയിൽ കഴിയുന്നുണ്ടെന്ന് ദുബൈയിലെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ് ഭൂരിപക്ഷം പേരും മലയാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ രണ്ട് വനിതകൾക്കും പരിക്കേറ്റതായി ഫവാസ് പറഞ്ഞു.

അപകടത്തിൽ കാണാതായവരെ കുറിച്ച അന്വേഷണത്തിലാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹം റാശിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News