യു.എ.ഇയിൽ തൊഴിൽകരാറുകൾ നിശ്ചിതകാല കരാറുകളാക്കി മാറ്റണമെന്ന് നിർദ്ദേശം
സമയപരിധി ഫെബ്രുവരി 1 ന് അവസാനിക്കും
യു.എ.ഇയിലെ മുഴുവൻ തൊഴിൽകരാറുകളും ഫെബ്രുവരി ഒന്നിന് മുമ്പ് നിശ്ചിതകാല തൊഴിൽകരാറുകളാക്കി മാറ്റണം. പുതിയ തൊഴിൽ നിയമപ്രകാരം അനിശ്ചിതകാല കരാറുകൾ നിർത്തലാക്കിയ സാഹചര്യത്തിലാണ് ഈ നടപടി. എന്നാൽ, എത്രകാലത്തേക്ക് വേണമെങ്കിലും കരാറുണ്ടാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
നേരത്തേ യു.എ.ഇയിൽ അൺലിമിറ്റ്ഡ് കോൺട്രാക്ട്, ലിമിറ്റഡ് കോൺട്രാക്ട് എന്നിങ്ങനെ രണ്ടുതരത്തിൽ തൊഴിൽ കരാറുകളുണ്ടായിരുന്നു. എന്നാൽ, പുതിയ തൊഴിൽ നിയമം അൺലിമിറ്റഡ് കോൺട്രാക്ടുകൾ നിർത്തലാക്കി. നിലവിലെ മുഴുവൻ തൊഴിൽ കരാറുകളും ലിമിറ്റഡ് കോൺട്രാക്ടാക്കി മാറ്റാൻ അനുവദിച്ച സമയം ഈവർഷം ഫെബ്രവരി ഒന്നിന് അവസാനിക്കും.
നിലവിൽ അനിശ്ചിതകാല കരാറിൽ ജോലി ചെയ്യുന്നവരുടെ കരാറുകൾ സ്ഥാപനങ്ങൾ ഈ സമയത്തിനകം നിശ്ചിതകാലത്തേക്കാക്കി മാറ്റണം. ഇതുസംബന്ധിച്ച് കമ്പനികൾക്ക് തൊഴിൽ മന്ത്രാലയവും ഫ്രീസോൺ അതോറിറ്റികളും നോട്ടീസ് അയച്ചിട്ടുണ്ട്.
പുതിയ നിയമപ്രകാരം ലിമിറ്റഡ് കോൺട്രാക്ടിന് പരമാവധി മൂന്ന് വർഷം കാലാവധി എന്ന് സർക്കാർ സമയപരിധി നിശ്ചയിച്ചിരുന്നു എങ്കിലും പിന്നീട് തീരുമാനം മാറ്റി. തൊഴിലുടമയും തൊഴിലാളിയും തമ്മിലെ ധാരണപ്രകാരം എത്രവർഷത്തേക്ക് വേണമെങ്കിലും കരാറുണ്ടാക്കാം. പക്ഷെ, നിർണിതകാലം കരാറിൽ രേഖപ്പെടുത്തിയിരിക്കണം എന്നത് നിർബന്ധമാണ്.