ഓറിയോ ബിസ്‌ക്കറ്റിൽ ആൽക്കഹോൾ കണ്ടന്റ്; വാദം തെറ്റെന്ന് അധികൃതർ
പന്നിക്കൊഴുപ്പുണ്ടെന്നതും വ്യാജ പ്രചരണം
ഓറിയോ ബിസ്‌ക്കറ്റിൽ ആൽക്കഹോൾ കണ്ടന്റ് അടങ്ങിയിട്ടുണ്ടെന്ന വാദം തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. ബിസ്‌ക്കറ്റിൽ പന്നിക്കൊഴുപ്പുണ്ടെന്നതും വ്യാജ പ്രചരണമാണെന്നും അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.
ഓറിയോ ബിസ്‌ക്കറ്റുകൾ ഹലാലല്ലെന്ന വ്യാജ പ്രചാരണത്തിലാണ് അതോറിറ്റി ഈ വിശദീകരണം നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരം വാർത്തകൾ പ്രചരിച്ചത് ശ്രദ്ധയിൽപെട്ടതോടെയാണ് അധികാരികൾ അവ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ബിസ്‌ക്കറ്റിൽ മൃഗങ്ങളിൽ നിന്നുള്ള ചേരുവകളോ ഗ്രീസും കൊഴുപ്പും പോലുള്ള വസ്തുക്കളോ അടങ്ങിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഉൽപ്പന്നത്തിന്റെ ലബോറട്ടറി പരിശോധനയിൽ വ്യാജ പ്രചാരണങ്ങളെ സാധൂകരിക്കുന്നതൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിപണിയിൽ അതോറിറ്റിയുടെ നിരീക്ഷണം ശക്തമാണെന്നും ആവശ്യമെങ്കിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും ഹലാൽ അല്ലാത്തതും അനുമതിയില്ലാത്തതുമായ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.