യു എ ഇയിൽ ഉപഭോക്തൃനിയമം കർശനമാക്കുന്നു; നിയമപരിഷ്കാരം ഉടൻ നിലവിൽ വരും
ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിക്കുന്ന വ്യാപാരികൾക്കും, സ്ഥാപനങ്ങൾക്കും പ്രത്യേക പിഴകൾ ഉൾപ്പെടുത്തി നിയമം പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് സാമ്പത്തിക മന്ത്രാലയം
ദുബൈ: യു എ ഇയിൽ ഉപഭോക്തൃനിയമം കർശനമാക്കുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിക്കുന്ന വ്യാപാരികൾക്കും, സ്ഥാപനങ്ങൾക്കും പ്രത്യേക പിഴകൾ ഉൾപ്പെടുത്തി നിയമം പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് സാമ്പത്തിക മന്ത്രാലയം.
പരിഷ്കരിച്ച നിയമം ഈ വർഷം ആദ്യ പകുതിയിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽ ഫാൻ അൽ ശംസി പറഞ്ഞു. നിലവിലെ നിയമത്തിലെ അവ്യക്തതകൾ പരിഹരിച്ച്, വ്യക്തമായ നിർദേശങ്ങൾ ഉൾപ്പെടുത്തും. ഉപഭോക്താവ് വാങ്ങിയ ഒരു സാധനത്തിൽ തകരാറുണ്ടെങ്കിൽ, പരാതിപ്പെട്ടിട്ടും വിൽപനക്കാരനിൽ നിന്ന് പ്രതികരണമുണ്ടായില്ലെങ്കിൽ എന്തെല്ലാം നടപടി സ്വീകരിക്കാമെന്നത് അടക്കം നിയമത്തിൽ ഉൾപ്പെടുത്തും.
മന്ത്രാലയം കഴിഞ്ഞ വർഷം വിവിധ തലങ്ങളിൽ 94,123 പരിശോധനകൾ നടത്തുകയും 4,227 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യമാസങ്ങളിൽ മാത്രം 8,170 പരിശോധനകൾ നടത്തുകയും 1030 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. ഉപഭോക്താക്കൾ നിയമലംഘനങ്ങൾ മന്ത്രാലയത്തിൽ അറിയിക്കുന്നത് വർധിച്ചതിനാൽ കച്ചവടത്തിൽ വഞ്ചിക്കപ്പെടുന്നത് കുറഞ്ഞിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.