പ്രവാസലോകത്തും വിജയാഹ്ലാദം; ഉറക്കമിളച്ച്​ പ്രവാസികള്‍

21ാം മിനിറ്റിൽ ഡി മരിയ വല കുലുക്കിയപ്പോൾ പ്രവാസി മുറികൾ പ്രകമ്പനം കൊണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ റിച്ചാർലിസൻ പന്ത്​ വലയിലെത്തിച്ച​തോടെ ബ്രസീലുകാർ ഉറഞ്ഞുതുള്ളി. പക്ഷെ, ലൈൻ റഫറി ഓഫ്​ സൈഡ്​ ഫ്ലാഗ്​ ഉയർത്തിയതോടെ വീണ്ടും നിരാശയായി

Update: 2021-07-11 17:57 GMT
Editor : Shaheer | By : Web Desk
Advertising

28 വർഷത്തിന്​ ശേഷം അർജൻറീന കിരീടമുയർത്തിയത്​ ആഘോഷമാക്കി പ്രവാസലോകവും. വർഷങ്ങളായി ബ്രസീൽ ആരാധകര്‍ക്കു മുന്നിൽ തലകുനിച്ച്​ നിന്ന അർജൻറീനക്കാർക്ക്​​ തലയുയർത്തി ആഘോഷിക്കാൻ കിട്ടിയ അവസരമായിരുന്നു ഞായറാഴ്​ച നടന്ന കോപ അമേരിക്ക ഫൈനൽ. പുലർച്ച നാല്​ മുതൽ ടി.വിയുടെ മുന്നിൽ നിലയുറപ്പിച്ച അർജൻറീന- ബ്രസീൽ ആരാധകര്‍​ കളിയുടെ ഓരോ നിമിഷവും ആഘോഷമാക്കി.

21ാം മിനിറ്റിൽ ഡി മരിയ വല കുലുക്കിയപ്പോൾ പ്രവാസി മുറികൾ പ്രകമ്പനം കൊണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ റിച്ചാർലിസൻ പന്ത്​ വലയിലെത്തിച്ച​തോടെ ബ്രസീലുകാർ ഉറഞ്ഞുതുള്ളി. പക്ഷെ, ലൈൻ റഫറി ഓഫ്​ സൈഡ്​ ഫ്ലാഗ്​ ഉയർത്തിയതോടെ വീണ്ടും നിരാശ.

പെരുന്നാളും തെരഞ്ഞെടുപ്പ്​ റിസൽട്ടും മാറ്റിനിർത്തിയാൽ പ്രവാസിമുറികൾ പുലർച്ചെ മുതൽ സജീവമായ ദിവസമായിരുന്നു ഞായറാഴ്​ച. അർജൻറീനയുടെയും ബ്രസീലിന്‍റെയും ജഴ്​സിയണിഞ്ഞായിരുന്നു ഭൂരിപക്ഷംപേരും എത്തിയത്​. ജഴ്​സിയില്ലാത്തവർ നീലയും മഞ്ഞയും ടീ ഷർട്ടുകൾ അണിഞ്ഞെത്തി. മുറികൾ ഇരു ടീമുകളുടെയും ജഴ്​സിയുടെ നിറത്തിൽ ബലൂണുകളാൽ അലങ്കരിച്ചിരുന്നു. മഞ്ഞയും നീലയും കേക്കുകൾ വാങ്ങി സൂക്ഷിച്ചവരും കുറവല്ല. രാവിലെ ജോലി​ക്ക്​ പോകേണ്ടി വരുമെന്ന ഓർമയില്ലാതെയാണ്​ ഉറക്കമിളച്ച്​ കളി കണ്ടത്​.

രണ്ടാം പകുതിയിൽ അലകടലായെത്തിയ ബ്രസീൽ അർജൻറീനാ പോർമുഖത്ത്​ നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ പിരിമുറുക്കമായി. നിരാശയും സന്തോഷവും മുഖങ്ങളിൽ മിന്നിമാഞ്ഞു. യു.എ.ഇയിലെ ചില ഹോട്ടലുകളിലും റസ്​റ്റോറൻറുകളിലും ബിഗ്​ സ്​​ക്രീനിൽ കളി കാണാൻ സംവിധാനമൊരുക്കിയിരുന്നു. കോവിഡ്​ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വൻകിട ഹോട്ടലുകളിൽ മാത്രമാണ്​ സാമൂഹിക അകലം പാലിച്ച്​ സംവിധാനമൊരുക്കിയത്​.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News