ദുബൈ എക്‌സ്‌പോ: അധികൃതർ ഒരുക്കങ്ങൾ വിലയിരുത്തി
ഒക്‌ടോബർ ഒന്നുമുതൽ ആറുമാസം നീണ്ടുനിൽകുന്ന 'ദുബൈ എക്‌സ്‌പോ 2020'നു വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയിൽ പുരോഗമിക്കുകയാണ്
ദുബൈ എക്‌സ്‌പോയിൽ എത്തുന്ന സന്ദർശകർക്ക് ഏറ്റവും സുരക്ഷിത സാഹചര്യമൊരുക്കും. എക്‌സ്‌പോയുടെ ആതിഥേയത്വം വഹിക്കുമ്പോൾ ദുബൈ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും. ഒരൊറ്റ സംഘമായി പ്രവർത്തിച്ച് ലോകത്തിന് മുന്നിൽ തങ്ങളുടെ മികവ് പ്രദർശിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ദുബൈ.
192 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും ദശലക്ഷക്കണക്കിന് സന്ദർശകരും ദുബൈയിൽ ഒത്തുചേരാനിരിക്കെ ദുബൈ അധികൃതർ പ്രവർത്തനങ്ങൾ വിലയിരുത്തി. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ സംഘാടക സമിതി പ്രവർത്തനങ്ങൾ വിലയിരുത്തി. സുരക്ഷയുടെ ഏറ്റവും ഉയർന്ന ആഗോള മാനദണ്ഡങ്ങൾ അടയാളപ്പെടുത്തിയ അന്തരീക്ഷത്തിലാണ് മേള നടക്കുന്നതെന്ന് ഉറപ്പാക്കും. വേറിട്ട വ്യത്യസ്തമായ എക്‌സ്‌പോ ഒരുക്കുന്നതിന് ടീമംഗങ്ങൾ എല്ലാവരും എറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു.
ഒക്‌ടോബർ ഒന്നുമുതൽ ആറുമാസം നീണ്ടുനിൽകുന്ന 'ദുബൈ എക്‌സ്‌പോ 2020'നു വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയിൽ പുരോഗമിക്കുകയാണ്. കോവിഡാനന്തരം ലോകത്തിന് പ്രതീക്ഷ പകരുന്ന ആദ്യത്തെ ആഗോള സംഗമത്തിന് എത്തുന്നവരുടെ ആരോഗ്യ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന രീതിയിലാണ് സജ്ജീകരണങ്ങൾ നടക്കുന്നത്. എന്നാൽ എക്‌സ്‌പോയിൽ പ്രവേശിക്കുന്നതിന് വാക്സിൻ നിർബന്ധമാക്കില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.