ഇറാനിൽ ഭൂകമ്പം; യു.എ.ഇയിൽ പ്രകമ്പനം
റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലാണ് അനുഭവപ്പെട്ടത്
ഇറാനിൽ ഇന്ന് രാവിലെയുണ്ടായ ഭൂകമ്പത്തിൽ യു.എ.ഇ നഗരങ്ങളും വിറച്ചു. പുലർച്ചെ യു.എ.ഇ സമയം 3.15 നാണ് തെക്കൻ ഇറാനിൽ ഭൂചലനുണ്ടായത്. വിവിധ യു എ ഇ നഗരങ്ങൾക്ക് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. ദേശീയ കാലാവസ്ഥ ഭൗമനിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദുബൈയിലും ഷാർജയിലും ഫ്‌ലാറ്റുകളിലെ ലൈറ്റും മറ്റും ഭൂചലനത്തിൽ ആടുന്ന ദൃശ്യങ്ങൾ പലരും ട്വീറ്റ് ചെയ്തിരുന്നു. യു എ ഇയിൽ എവിടെയും നാശനഷ്ടമുള്ളതായി റിപ്പോർട്ടില്ല. ഇറാനിലെ ഹൊർമോസ്ഗൻ പ്രവിശ്യയിലെ ഖൂഹെർദിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യു.എ.ഇക്ക് പുറമേ ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പലരും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.