ദുബൈയിൽ വൻ തീപിടിത്തം; മലയാളികളുടെ സ്ഥാപനങ്ങള്‍ കത്തിനശിച്ചു
കോഴിക്കോട് സ്വദേശി അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള സ്പെയർപാർട്സ് സ്ഥാപനത്തിന്‍റെ രണ്ട് ഗോഡൗണ്‍, കാസർകോട് സ്വദേശി ഹാരിസിന്റെ സ്ഥാപനം എന്നിവയാണ് കത്തിനശിച്ചത്
ദുബൈ മുറഖബാദിൽ ഇന്ന് ഉച്ചയ്ക്കുണ്ടായ വന്‍ തീപിടിത്തത്തിൽ നിരവധി വെയർഹൗസുകൾ കത്തിനശിച്ചു. മലയാളികളുടെ സ്ഥാപനങ്ങളും ഇതില്‍ ഉൾപ്പെടും. സിവിൽ ഡിഫൻസിന്റെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മുറഖബാദിന് സമീപത്തെ വെയർഹൗസുകളിൽ തീപിടിത്തമുണ്ടായത്. ഒമ്പതോളം സ്ഥാപനങ്ങൾ അഗ്നിബാധയിൽ ചാമ്പലായി. വെയർഹൗസിൽ സൂക്ഷിച്ചിരുന്ന വൻതുകയുടെ സാധനങ്ങൾ കത്തിനശിച്ചു. മലയാളി ഉടമസ്ഥതയിലുള്ള മൂന്ന് വെയർഹൗസുകളും കത്തിനശിച്ചവയിൽ ഉൾപ്പെടും.
കോഴിക്കോട് സ്വദേശി അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള പോപ്പുലർ സ്പെയർപാർട്സിന്‍റെ രണ്ട് വെയർഹൗസുകൾ, കാസർകോട് സ്വദേശി ഹാരിസിന്റെ സ്ഥാപനം എന്നിവയാണ് കത്തിനശിച്ചത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്ന മേഖലയില്‍ ആകാശത്തോളം പുകപടലങ്ങൾ ഉയർന്ന തീപിടിത്തം നഗരവാസികളെ പരിഭ്രാന്തരാക്കി. രക്ഷാപ്രവർത്തകർ സമീപത്തെ സ്ഥാപനങ്ങളിലുള്ളവരെ ഉടൻ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. തൊട്ടടുത്ത ഷോപ്പിങ് സെന്ററിലേക്കും ബാങ്കിലേക്കും പടരുന്നതിന് മുമ്പേ തീയണക്കാൻ സിവിൽ ഡിഫൻസിന് കഴിഞ്ഞു. അൽപനേരം നഗരത്തിൽ ഗതാഗതതടസത്തിനും തീപിടിത്തം കാരണമായി. പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.