ദുബൈയിൽ തീപിടിത്തം: 16 മരണം, മരിച്ചവരിൽ മലയാളി ദമ്പതികളും
അകത്ത് പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചതെന്ന് പ്രദേശത്ത് താമസിക്കുന്നവർ പറഞ്ഞു
ദുബൈ: ദുബൈ ദേരയിൽ കെട്ടിടത്തിന് തീപിടിച്ച് രണ്ട് മലയാളികളയക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശികളായ റിജേഷ്, ഭാര്യ ജെഷി എന്നിവരാണ് മരിച്ച മലയാളികൾ. രണ്ട് തമിഴ്നാട് സ്വദേശികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പാകിസ്താൻ, ആഫ്രിക്കൻ സ്വദേശികളാണ് മരിച്ച മറ്റുള്ളവർ. ഒമ്പത് പേർ പരിക്കുകളോടെ ചികിൽസയിലാണ്.
ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ദേര ഫ്രിജ് മുറാറിൽ തലാൽ സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ തീപിടുത്തമുണ്ടായത്. സിവിൽ ഡിഫൻസെത്തി രണ്ടരയോടെ തീ നിയന്ത്രണവിധേയമാക്കി. അകത്ത് പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചതെന്ന് പ്രദേശത്ത് താമസിക്കുന്നവർ പറഞ്ഞു.
ദേരയിൽ ട്രാവൽസ് ജീവനക്കാരനാണ് മരിച്ച റിജേഷ്. ഭാര്യ ജെഷി ഖിസൈസ് ക്രസന്റ് സ്കൂളിലെ അധ്യാപികയാണ്. തീയണക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ തമിഴ്നാട് സ്വദേശി റഫീഖ് എന്ന ഖുഡു, പെയിന്റിംഗ് തൊഴിലാളിയായ ഇമാം ഖാസിം എന്നിവർ മരിച്ചത്. മൃതദേഹങ്ങൾ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാമൂഹിക പ്രവർത്തകരായ നസീർ വാടാനപ്പള്ളി, നിസാർ പട്ടാമ്പി, നൗജാസ്, ഹംപാസിന്റെ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഴുവൻ മൃതദേഹങ്ങളും തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്.