ദുബൈ എക്‌സ്‌പോ വേദിയിൽ ഹായ് റമദാൻ പരിപാടി സംഘടിപ്പിക്കുന്നു
പ്രവേശനം സൗജന്യമായിരിക്കും
ദുബൈ എക്‌സ്‌പോ വേദിയിൽ ഹായ് റമദാൻ എന്ന പേരിൽ റദമാൻ പരിപാടി ഒരുങ്ങുന്നു. മാർച്ച് മൂന്നിന് ആരംഭിക്കുന്ന പരിപാടി ഏപ്രിൽ 25 വരെ നീളും. കായിക മത്സരങ്ങൾ മുതൽ നൈറ്റ് മാർക്കറ്റ് വരെ ഹായ് റമദാനിൽ ഒരുക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റമദാൻ പാരമ്പര്യങ്ങളെ ഒറ്റ വേദിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഹായ് റദമാൻ സംഘടിപ്പിക്കുന്നത്. ഹായ് എന്ന വാക്കിന് അറബിയിൽ അയൽപക്കം എന്നും ഇംഗ്ലീഷിൽ സ്വാഗതം എന്നും അർഥമുള്ളതുകൊണ്ടാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ റമദാൻ രുചികൾ ആസ്വദിക്കാൻ ഇവിടെ സൗകര്യമുണ്ടാകും. റദമാൻ ഷോപ്പിങിന് നൈറ്റ് മാർക്കറ്റൊരുക്കും. ഈ മേഖലയിലെ പള്ളികളിൽ രാത്രി നമസ്‌കാരങ്ങൾക്ക് സൗകര്യമൊരുക്കും.
അത്താഴം മുതൽ പരമ്പരാഗത അത്താഴം മുട്ടുകാർ വരെ ഹായ് റമദാനിലെ വേദിയിലൊരുക്കുമെന്ന് സംഘാടകർ പറഞ്ഞു. എക്‌സ്‌പോയുടെ പ്രധാനവേദിയായ അൽവാസൽ പ്ലാസയിൽ പ്രത്യേക പരിപാടികൾ ഒരുക്കും.
റമദാന് മുമ്പ് തുടങ്ങി അമ്പത് ദിവസം കൊണ്ട് നീളുന്നതാണ് പരിപാടികൾ. റമദാന് മുമ്പ് വൈകുന്നേരം നാല് മുതൽ രാത്രി പത്ത് വരെയും, റമദാൻ കാലത്ത് വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ രണ്ട് വരെയുമായിരിക്കും പരിപാടികൾ. ഹായ് ദുബൈയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.