ഹത്ത ജലവൈദ്യുത പദ്ധതി; 2025ൽ നിർമാണം പൂർത്തിയാകും
ഗൾഫ് മേഖലയിലെ തന്നെ ആദ്യ വൻകിട ജലവൈദ്യുത പദ്ധതിയാണ് ദുബൈയിലെ ഹത്തയിലേത്.
ദുബൈയിലെ ഹത്തയിൽ നിർമിക്കുന്ന ജലവൈദ്യുത പദ്ധതി 2025 ൽ പൂർത്തിയാകും. പദ്ധതിയുടെ 74 ശതമാനം പൂർത്തിയായെന്ന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അറിയിച്ചു.
ഗൾഫ് മേഖലയിലെ തന്നെ ആദ്യ വൻകിട ജലവൈദ്യുത പദ്ധതിയാണ് ദുബൈയിലെ ഹത്തയിലേത്. ഹത്ത ഡാം പ്രദേശത്ത് രൂപം കൊള്ളുന്ന പ്ലാന്റ് പ്രദേശത്തെ ജനങ്ങൾക്കും പ്രഖ്യാപിത ടൂറിസം പദ്ധതികൾക്കും ഗുണം ചെയ്യുമെന്ന് ദീവ സി.എം.ഡി സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
പദ്ധതി പ്രദേശം സന്ദർശിച്ച് അദ്ദേഹം നിർമാണ പുരോഗതി വിലയിരുത്തി. 142 കോടി ദിർഹം ചെലവിട്ടാണ് ഹത്ത ഡാമിനോട് അനുബന്ധിച്ച് ജല വൈദ്യുത പ്ലാന്റ് നിർമിക്കുന്നത്. 250 മെഗാവാട്ട് ഉൽപാദന ശേഷിയുള്ളതാണ് പദ്ധതി.
പവർ ജനറേറ്ററുകൾ സ്ഥാപിക്കുന്നതും പ്രവർത്തന സൗകര്യങ്ങൾ നിർമിക്കുന്നതും അധികൃതർ പരിശോധിച്ചു. ഈ വർഷാവസാനത്തോടെ അപ്പർ ഡാമിൽ വെള്ളം ശേഖരിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കും.