കടലിൽ വൻ സൈനികാഭ്യാസത്തിനൊരുങ്ങി ഇറാൻ; എല്ലാ സേനകളും ഒരുമിച്ചുള്ള സൈനികാഭ്യാസം ആദ്യം
150 ആളില്ലാ വിമാനങ്ങൾ അഭ്യാസ പ്രകടനത്തിൽ പങ്കുചേരുമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറേബ്യൻ ഗൾഫിലും ഒമാൻ സമുദ്രത്തിലുമാണ് അഭ്യാസം.
തെഹ്‌റാൻ: കടലിൽ വൻ സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങി ഇറാൻ. എല്ലാ സേനകളും ഒരുമിച്ചുളള സൈനികാഭ്യാസത്തിന് ഇറാൻ തയ്യാറെടുക്കുന്നത് ഇതാദ്യമാണ്. ബുധനാഴ്ച മുതൽ അറേബ്യൻ ഗൾഫിലും ഒമാൻ സമുദ്രത്തിലുമാണ് അഭ്യാസം.
150 ആളില്ലാ വിമാനങ്ങൾ അഭ്യാസ പ്രകടനത്തിൽ പങ്കുചേരുമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറേബ്യൻ ഗൾഫിലും ഒമാൻ സമുദ്രത്തിലുമാണ് അഭ്യാസം. ഡ്രോണുകളുടെ കൃത്യത ഉറപ്പു വരുത്താൻ അഭ്യാസം ഉപകരിക്കുമെന്ന് സായുധസേനയുടെ ഡെപ്യൂട്ടി കോർഡിനേറ്റർ അഡ്മിറൽ ഹബീബുല്ല സയ്യാരി പറഞ്ഞു. അഭ്യാസപ്രകടനം എത്ര നാൾ നീണ്ടുനിൽക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല.
പാശ്ചാത്യ രാജ്യങ്ങളുമായുള്ള ആണവ കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാൻ അപ്രതീക്ഷിതമായി സൈനികാഭ്യാസം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ കാരണമെന്താണ് വ്യക്തമല്ല. ഒരുനിലക്കും ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ സൈനികാഭ്യാസം പ്രഖ്യാപിച്ചത്.