ഇറാൻ-യുഎഇ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കും; അംബാസഡർ ഉടൻ ചുമതലയേൽക്കുമെന്ന് യുഎഇ

ഇറാനുമായുള്ള ബന്​ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്​ അംബാസഡറെ തെഹ്​റാനിലേക്ക്​ അയക്കുന്നതെന്ന്​ യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

Update: 2022-08-21 18:34 GMT
Advertising

ദുബൈ: യുഎഇയും ഇറാനുമായുള്ള നയതന്ത്ര ബന്​ധം പൂർണ്ണാർത്ഥത്തിൽ പുനഃസ്ഥാപിക്കാൻ വഴിയൊരുങ്ങി. ദിവസങ്ങൾക്കകം അംബാസഡർ തെഹ്​റാനിൽ ചുമതലയേൽക്കുമെന്ന്​ യുഎഇ അറിയിച്ചു. സൗദി അറേബ്യയുമായുള്ള നയതന്ത്ര സംഭാഷണം ഉടൻ നടക്കുമെന്നും ഇറാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇറാനുമായുള്ള ബന്​ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്​ അംബാസഡറെ തെഹ്​റാനിലേക്ക്​ അയക്കുന്നതെന്ന്​ യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്​ധം പിന്നിട്ട കുറെ വർഷങ്ങളായി വഷളായിരുന്നു. കഴിഞ്ഞ മാസം ഇറാൻ വിദേശകാര്യ മന്ത്രി ഹുറസൻ ആമിർ അബ്​ദുല്ലാഹിയാനും യുഎഇ വിദേശകാര്യ മന്ത്രി അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാനും തമ്മിൽ ടെലിഫോണിൽ ചർച്ച നടന്നിരുന്നു. ഇതേ തുടർന്നാണ്​ പുതിയ നടപടിയെന്ന്​ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2012ൽ അന്നത്തെ ഇറാൻ ​പ്രസിഡൻറ്​ അഹ്​മദി നിജാദ്​ ഇറാൻ അധീനതയിലുള്ള യുഎഇക്ക്​ അവകാശപ്പെട്ട അബൂമൂസ ദ്വീപിൽ സന്ദർശനം നടത്തിയതാണ്​ ഇരു രാജ്യങ്ങളും തമ്മിലുള്ള നയത​ന്ത്ര ബന്​ധം തകരുന്ന അവസ്​ഥ രൂപപ്പെടുത്തിയത്​. സന്ദർശനത്തിൽ പ്രതിഷേധിച്ച്​ യുഎഇ ഇറാനി​ൽനിന്ന്​ തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിക്കുകയായിരുന്നു. യുഎഇയിൽ നിന്ന്​ 60 കിലോമീറ്റർ അകലെ ഹോർമുസ്​ കടലിടുക്കിനോട്​ ചേർന്ന അബൂമൂസ ഉൾപ്പെടെ മൂന്ന്​ ദ്വീപുകൾ 1971ൽ ആണ്​ ഇറാൻ കൈയടക്കിയത്​. ഇത്​ ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിന്​ വഴിയൊരുക്കി. 2015ൽ ഇറാൻ അനുകൂല ഹൂത്തി വിഭാഗം യെമനിൽ അധികാരം പിടിച്ചത്​ സൗദിക്കൊപ്പം യുഎഇയുടെയും കടുത്ത പ്രതിഷേധത്തിനിടയാക്കി. സൗദി,ഇറാൻ നയതന്ത്ര സംഭാഷണവും ഉടൻ നടക്കും.

ആണവ കരാർ പുനഃസ്ഥാപിക്കാൻ അവസരം ഒരുങ്ങുകയും മേഖലയിലെ രാജ്യങ്ങളുമായുള്ള അകൽച്ച മാറുകയും ചെയ്​താൽ ലഭിക്കുന്ന രാഷ്​ട്രീയ, സാമ്പത്തിക, നയതന്ത്ര നേട്ടങ്ങൾ വലുതായിരിക്കുമെന്നാണ്​ ഇറാന്റെ കണക്കു കൂട്ടൽ.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News