യു.എ.ഇയിലെ ദുരിതമുഖത്ത് തളരാതെ മലയാളികൾ; പ്രളയമേഖലയിലേക്ക് സഹായപ്രവാഹം
വിവിധ സ്ഥലങ്ങളിലേക്ക് വഞ്ചികളിട്ടും വലിയ ഫോർവീലർ വാഹനങ്ങൾ ഒരുക്കിയും മലയാളി സന്നദ്ധപ്രവർത്തകർ എത്തുകയാണ്
ഷാർജ: യു.എ.ഇയിലെ വെള്ളപ്പൊക്ക ദുരിതമേഖലയിൽ തളരാതെ മലയാളി സന്നദ്ധപ്രവർത്തകരുടെ സേവനം. ശനിയാഴ്ചയും ഷാർജയിലെ പ്രളയമേഖലയിൽ സഹായപ്രവാഹമൊരുക്കാൻ മലയാളികൾക്കായി. പ്രതിബന്ധങ്ങൾ താണ്ടി നിരവധി കൂട്ടായ്മകൾ ഷാർജയിലെ വിവിധ മേഖലകളിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്യാനെത്തി.
വിവിധ സ്ഥലങ്ങളിലേക്ക് വഞ്ചികളിട്ടും വലിയ ഫോർവീലർ വാഹനങ്ങൾ ഒരുക്കിയും മലയാളി സന്നദ്ധപ്രവർത്തകർ എത്തുകയാണ്. വൈദ്യുതിയും ലിഫ്റ്റും നിലച്ച് ബഹുനില കെട്ടിടങ്ങളിൽ കുടുങ്ങിപോയവർക്കും പുറത്തുപോയി ഭക്ഷണവും കുടിവെള്ളം ശേഖരിക്കാൻ കഴിയാത്തവർക്കും ഇവർ ആശ്വാസമാവുകയാണ്.
വെള്ളം ഇരച്ചുകയറിയ ആദ്യദിനം മുതൽ ഷാർജ കെ.എം.സി.സി സേവനരംഗത്തുണ്ടായിരുന്നു. പ്രവാസി ഇന്ത്യ, മോഡൽ സർവീസ് സൊസൈറ്റി, കൊടുങ്ങല്ലൂർ ഫ്രണ്ട്സ് മീറ്റ്, ഐ.സി.എഫ് തുടങ്ങി വിവിധ സംഘടനകളും വാട്ട്സ്ആപ്പ് കൂട്ടായ്മകളും രാവും പകലും സഹായവുമായി ദുരിത മേഖലയിൽ സജീവമാണ്.
ദുബൈ അൽവാസൽ വില്ലേജിലെ താമസക്കാരായ വനിതകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ച് ട്രക്കുകളിൽ ഷാർജയിലെത്തിച്ചു. സൂപ്പർമാർക്കറ്റുകളിൽ ദുരിതാശ്വാസ വസ്തുക്കൾ നിക്ഷേപിക്കാൻ പോയന്റുകൾ സജ്ജമാക്കിയാണ് ഇവർ ദുരിതാശ്വാസ വസ്തുക്കൾ ശേഖരിച്ചത്.
ഭക്ഷണ സാധനങ്ങൾക്ക് പുറമേ സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ആവശ്യമായ സാനിറ്ററി പാഡുകളും നാപ്കിനുകളും ദുരിതമേഖലയിൽ ആവശ്യമായി വരുന്നുണ്ടെന്ന് സന്നദ്ധപ്രവർത്തകർ ചൂണ്ടിക്കാട്ടി.