മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഓട്ടോ സ്പെയർപാർട്സ് വിതരണ ഹബ്ബ് ദുബൈയിൽ ഒരുങ്ങുന്നു
അടുത്തവർഷം നിർമാണം പൂർത്തിയാകും
മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഓട്ടോ സ്പെയർപാർട്സ് വിതരണ ഹബ്ബ് ദുബൈയിൽ വരുന്നു. ഇതിനായി ഓട്ടോ സ്പെയർ കമ്പനിയായ ന്യൂഈസ്റ്റും, ജബൽഅലി ഫ്രീസോണും കരാർ ഒപ്പിട്ടു. അടുത്തവർഷം കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാകും.
ജബൽഅലി ഫ്രീസോണിലാണ് മിഡിലീസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെ ഏറ്റവും വലിയ ഓട്ടോ സ്പെയർപാർട്ട് വിതരണ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത്. 500 ദശലക്ഷം ദിർഹം ചെലവിട്ട് 1,65,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഡിസ്ട്രിബ്യൂഷൻ ഹബ്ബ് നിർമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
യു എ ഇയിലെ ഏഴ് കേന്ദ്രങ്ങളുമായി സംയോജിച്ച് സ്പെയർ പാർട്ട്സ് വിതരണം ഏകോപിപ്പിക്കാൻ 500 ലേറെ ഓട്ടോ വിദഗ്ധർ ഈ കേന്ദ്രത്തിലുണ്ടാകും. കാറുകൾ മുതൽ ട്രെയിലറും, ഹെവിഉപകരണങ്ങൾ വരെ നീളുന്ന വിവിധ തരം വാഹനങ്ങളുടെ ഭാഗങ്ങളാണ് ഇവിടെ കൈകാര്യം ചെയ്യുക.
160 ലേറെ ഓട്ടോ സ്പെയർപാർട്ട്സ് ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ഈ കേന്ദ്രത്തിൽ നിന്ന് വിതരണം ചെയ്യാൻ സൗകര്യമുണ്ടാകും. അടുത്തവർഷം ഒക്ടോബറിൽ ഹബ്ബിന്റെ നിർമാണം പൂർത്തിയാകും. ന്യൂഈസ്റ്റ് ജനറൽ ട്രേഡിങ് സി ഇ ഒ അഹമ്മദ് ജുമാ അഹ് ലി, ഡി പി വേൾഡിന്റെ പാർക്ക് ആൻഡ് സോൺസ് സി ഒ ഒ അബ്ദുല്ല അൽ ഹാഷ്മി എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.