ഷാർജയിലെ പ്രധാന റോഡുകളില്‍ ടോൾ ഏർപ്പെടുത്തുമെന്ന വാർത്ത നിഷേധിച്ച് ഗതാഗതവകുപ്പ്
ഷാര്‍ജ നഗരത്തിലെ പ്രധാന റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നുവെന്ന വ്യാജ റിപ്പോര്‍ട്ടുകള്‍ ഗതാതഗത വകുപ്പ് അധികൃതര്‍ നിഷേധിച്ചു.
ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ സമീപകാലത്തുണ്ടായ തീരുമാനം ട്രക്കുകളുടെ താരിഫുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് ഷാര്‍ജ ആര്‍ടിഎയുടെ നിയമകാര്യ വകുപ്പ് ഡയരക്ടര്‍ മുഹമ്മദ് അലി അല്‍ സാബി എടുത്ത് പറഞ്ഞു.
ചില ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വരുന്ന വാഹനങ്ങളില്‍ നിന്നും, ചരക്കുവാഹനങ്ങളില്‍ നിന്നും ചുങ്കം പിരിക്കുന്ന സംവിധാനം നേരത്തേയുണ്ട്. ഇവയല്ലാതെ വാഹനങ്ങള്‍ക്ക് ടോള്‍ ബാധകമല്ല.
ദുബൈയിലും, അബൂദബിയിലുമുള്ള മാതൃകയില്‍ റോഡ് ചുങ്കം ഈടാക്കുന്ന നടപടി ഷാര്‍ജയിലില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ട്രാഫിക് താരിഫുകള്‍ സംബന്ധിച്ച്, 2022 ലെ 10-ാം നമ്പര്‍ പ്രമേയം ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.