'പന്ത്രണ്ട്' ഗൾഫിലെ തിയേറ്ററുകളിലേക്ക്; ജൂലൈ ഏഴ് മുതൽ പ്രദർശനം തുടങ്ങും
മിസ്റ്റിക് ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് 'പന്ത്രണ്ട്'. മനുഷ്യകുലത്തിന്റെ പ്രതിനിധികളെന്ന പോലെ 12 പേരിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്ന് സംവിധായകൻ ലിയോ തദേവൂസ് പറഞ്ഞു.
ദുബൈ: വിനായകൻ, ഷൈൻ ടോം ചാക്കോ, ദേവ് മോഹൻ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന 'പന്ത്രണ്ട്' എന്ന സിനിമ ഈമാസം ഏഴ് മുതൽ ഗൾഫിലെ തിയേറ്ററുകളിൽ എത്തും. യുഎഇ ഉൾപ്പെടെ 60 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുകയെന്ന് അണിയറ പ്രവർത്തകർ ദുബൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മിസ്റ്റിക് ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് 'പന്ത്രണ്ട്'. മനുഷ്യകുലത്തിന്റെ പ്രതിനിധികളെന്ന പോലെ 12 പേരിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്ന് സംവിധായകൻ ലിയോ തദേവൂസ് പറഞ്ഞു. സൂഫിയും സുജാതയും എന്ന ചിത്രത്തിൽ സൂഫിയായി വേഷമിട്ട ദേവ് മോഹന്റെ തിയേറ്ററിലെത്തിയ ആദ്യ സിനിമയാണ് 'പന്ത്രണ്ട്'.
ഷഹബാസ് അമന്റെ സോളോ ഉൾപ്പടെ ഏഴുപാട്ടുകളാണ് ചിത്രത്തിലുളളത്. അൽഫോൺസ് ജോസഫാണ് സംഗീത സംവിധാനം. സ്റ്റാർ ഹോളിഡേയ്‌സ് ഫിലിംസാണ് ജിസിസിയിൽ ചിത്രം റിലീസിനെത്തിക്കുന്നത്. യുഎഇയിൽ ദുബായ്, ഷാർജ, അബുദബി, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലും ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.