അബൂദബിയിൽ റോഡിൽ വാഹനാഭ്യാസം നടത്തിയവർക്ക് പിഴയും സാമൂഹിക സേവനവും ശിക്ഷ
മൂവരുടെയും ഡ്രൈവിങ് ലൈസൻസുകൾ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യും.
അബൂദബി: റോഡിൽ വാഹനാഭ്യാസം നടത്തിയവർക്ക് ശിക്ഷ. അൽഐനിൽ മൂന്നു പേർക്ക് 50,000 ദിർഹം വീതം പിഴയ്ക്കൊപ്പം സാമൂഹിക സേവനവും ശിക്ഷ വിധിച്ചു. നിയമലംഘനത്തിന്റെ തീവ്രത കുറ്റക്കാരെയും പുറത്തുള്ളവരെയും ബോധ്യപ്പെടുത്താൻ ഈ ശിക്ഷ ഉപകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വാഹനാഭ്യാസം നടത്തിയ മൂവരുടെയും ഡ്രൈവിങ് ലൈസൻസുകൾ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യും. ഒപ്പം വാഹനങ്ങൾ കണ്ടുകെട്ടാനും കോടതി വിധിച്ചു. റോഡ് കഴുകുന്നതടക്കമുള്ള സാമൂഹിക സേവനമാണ് നിയമലംഘകർക്ക് അബൂദബി ജുഡീഷ്യൽ വകുപ്പ് വിധിച്ചത്. മറ്റു വാഹനങ്ങളിലെ യാത്രികരുടെ ജീവൻ അപകടത്തിലാക്കുംവിധം അശ്രദ്ധമായാണ് മൂവരും വാഹനങ്ങളോടിച്ചിരുന്നതെന്ന് അൽഐൻ ട്രാഫിക് കുറ്റകൃത്യ കോടതി കണ്ടെത്തി.
വലിയ ശബ്ദത്തിലും പൊതുമുതൽ നശിപ്പിക്കുന്ന രീതിയിലും നമ്പർപ്ലേറ്റ് ഇല്ലാതെയുമായിരുന്നു മൂവരും കാറുകളോടിച്ചിരുന്നത്. യുവാക്കളുടെ വാഹനാഭ്യാസ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ യുവാക്കളെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു.