അപൂർവ നമ്പർ പ്ലേറ്റ് ലേലം; ഒറ്റരാത്രി കൊണ്ട് നേടിയത് 37 മില്യൺ
AA 13 നമ്പറിന് 4.42 മില്യൺ ദിർഹം
ദുബൈ: അപൂർവ നമ്പർ പ്ലേറ്റുകൾ ലേലം ചെയ്ത് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഒറ്റരാത്രി കൊണ്ട് നേടിയത് 37 ദശലക്ഷം ദിർഹം, അഥവാ 80 കോടി 28 ലക്ഷം രൂപ. AA 13 എന്ന നമ്പറിന് മാത്രം ലഭിച്ചത് ഒമ്പതര കോടി രൂപയാണ്.
ശനിയാഴ്ച രാത്രിയാണ് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രീമിയം നമ്പർ പ്ലേറ്റുകൾ ലേലത്തിന് വെച്ചത്. AA 13 എന്ന നമ്പർ സ്വന്തമാക്കാൻ വാശിയേറിയ ലേലം നടന്നു. ഒടുവിൽ 4.42 ദശലക്ഷം ദിർഹം അഥവാ ഒമ്പതരകോടി രൂപക്കാണ് ഈ നമ്പർ പ്ലേറ്റ് ലേലത്തിൽ പോയത്. U 70 എന്ന നമ്പർ ലഭിക്കാൻ 30 ലക്ഷം ദിർഹം മുടക്കാൻ ആളുണ്ടായിരുന്നു. Z 1000 എന്ന നമ്പർ 2.21 ദശലക്ഷം ദിർഹത്തിനാണ് ലേലത്തിലെടുത്തത്. V-99999 എന്ന നമ്പറിന് ചെലവാക്കിയത് 1.26 ദശലക്ഷം ദിർഹം. മൊത്തം 370 ലക്ഷം ദിർഹം അഥവാ 80 കോടി 28 ലക്ഷം രൂപ ആർ ടി എക്ക് നമ്പർ പ്ലേറ്റ് ലേലത്തിലൂടെ നേടാനായി.
ഇത്തരം നമ്പർ പ്ലേറ്റ് ലേലങ്ങൾ യു എ ഇയിൽ സാധാരണയാണ്. ലോകത്തിൽ ഏറ്റവും വിലയുള്ള 10 നമ്പർ പ്ലേറ്റുകളിൽ എട്ടെണ്ണവും യു എ ഇയിലാണ് ലേലത്തിൽപോയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്താൻ ഈവർഷമാദ്യം AA 8 എന്ന നമ്പർ ലേലത്തിന് വെച്ചപ്പോൾ 35 മില്യൺ ദിർഹത്തിനാണ് പ്ലേറ്റ് ലേലം ചെയ്തത്. ലോകത്തിലെ ഏറ്റവും ഉയർന്ന തുകയുള്ള നമ്പർ പ്ലേറ്റിൽ മൂന്നാം സ്ഥാനവും ഇത് നേടി.