യു.എ.ഇയുടെ കരുതൽ; ലബനാനിലെ സംഘർഷ മേഖലകളിലേക്ക് കൂടുതൽ സഹായങ്ങളെത്തിച്ച് രാജ്യം

അവശ്യവസ്തുക്കളുമായി രണ്ട് വിമാനങ്ങളാണ് ബൈറൂത്തിലെത്തിയത്

Update: 2024-10-28 17:36 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: യുഎഇ സ്റ്റാന്റ്‌സ് വിത്ത് ലബനാൻ ക്യാംപയിന്റെ ഭാഗമായി ലബനാനിൽ കൂടുതൽ സഹായങ്ങളെത്തിച്ച് യുഎഇ. അവശ്യവസ്തുക്കളുമായി രണ്ട് വിമാനങ്ങളാണ് ബൈറൂത്തിലെത്തിയത്. സംഘർഷ മേഖലകളിലെ സ്ത്രീകൾക്കുള്ള അടിയന്തര സഹായങ്ങളാണ് വിമാനങ്ങളിലുണ്ടായിരുന്നത്.

ലബനാനിൽ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് ശൈഖ ഫാത്തിമ ബിൻത് മുബാറക്ക് മുൻകയ്യെടുത്തു നൽകുന്ന സഹായമാണ് ബൈറൂത്തിലെ റഫീക് ഹരീരി വിമാനത്താവളത്തിലെത്തിയത്. രണ്ട് വിമാനങ്ങളിലായി ഉണ്ടായിരുന്നത് 80 ടൺ അവശ്യവസ്തുക്കൾ. പരിസ്ഥിതി മന്ത്രി നാസർ യാസീൻ വിമാനത്തെ സ്വീകരിച്ചു. ഭവനരഹിതരായ സ്ത്രീകൾക്കു വേണ്ടി ശൈഖ ഫാത്തിമ നടത്തിയ സേവനത്തിന് അദ്ദേഹം നന്ദിയറിയിച്ചു.

ലബനാൻ ക്യാംപയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഫുജൈറയിലെ അൽ ബുസ്താൻ ഹാളിൽ സംഘടിപ്പിച്ച സഹായ ശേഖരണത്തിൽ നൂറ് ടൺ അവശ്യവസ്തുക്കളാണ് ശേഖരിച്ചത്. ആയിരത്തിലേറെ വളണ്ടിയർമാർ പരിപാടിയുടെ ഭാഗമായി. നേരത്തെ, ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ നടന്ന സഹായ ശേഖരണവും വൻ വിജയമായിരുന്നു. അറുനൂറിലേറെ ടൺ സഹായവസ്തുക്കളാണ് ഇവിടങ്ങളിൽ നിന്ന് പാക്ക് ചെയ്തിരുന്നത്.

ലബനാനിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ നൂറു കോടി യുഎസ് ഡോളറിന്റെ അടിയന്തര സഹായമാണ് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ലബനീസ് ജനതയ്ക്കായി പ്രഖ്യാപിച്ചിരുന്നത്. സഹായ ശേഖരണ ക്യാംപയിനും ആരംഭിച്ചു. 16 വിമാനങ്ങളിലും ഒരു കപ്പലിലുമായി ഇതുവരെ രണ്ടായിരത്തിലേറെ ടൺ സഹായമാണ് അറബ് രാഷ്ട്രം ലബനാനിൽ എത്തിച്ചിട്ടുള്ളത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News