കള്ളപ്പണം വെളുപ്പിക്കൽ: അറബ് പൗരന് 10 വർഷം തടവ്, കമ്പനിയുടെ 39 ദശലക്ഷം കണ്ടുകെട്ടി

ജയിൽ ശിക്ഷ പൂർത്തിയാക്കിയതിന് പിന്നാലെ ഇയാളെ നാടുകടത്തും

Update: 2022-10-24 17:41 GMT
Advertising

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് യു.എ.ഇയിൽ അറബ് പൗരന് പത്തുവർഷത്തെ തടവ് ശിക്ഷ. ഇയാളുടെ രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ കോടതി അക്കൗണ്ടുകളിലെ 39 ദശലക്ഷം ദിർഹം കണ്ടുകെട്ടാൻ ഉത്തരവിട്ടു.

കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പ്, നിയമവിരുദ്ധമായ സ്വത്ത് സമ്പാദനം തുടങ്ങിയ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് അബൂദബി ഫെഡറൽ അപ്പീൽ കോടതി അറബ് പൗരന് പത്തുവർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷ പൂർത്തിയാക്കിയതിന് പിന്നാലെ ഇയാളെ നാടുകടത്തും. കുറ്റവാളിയുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇയാളുടെ രണ്ട് സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി.

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒരോ സ്ഥാപനത്തിനും അഞ്ച് ലക്ഷം ദിർഹം വീതം പിഴ ശിക്ഷ വേറെ വിധിച്ചിട്ടുണ്ട്. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിച്ച കോടതി അക്കൗണ്ടിലുണ്ടായിരുന്ന 39 ദശലക്ഷം ദിർഹം കണ്ടുകെട്ടാനും ഉത്തരവിട്ടു. യു എ ഇ സെൻട്രൽബാങ്ക്, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂനിറ്റ് എന്നിവയുമായി സഹകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിക്കെതിരായ തെളിവുകൾ കോടതിക്ക് മുന്നിലെത്തിയത്. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെയും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതക്ക് ഭംഗം വരുത്താൻ ശ്രമിക്കുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News