ഇറാൻ സന്ദർശിക്കാൻ യു.എ.ഇ പ്രസിഡന്റിന് ഇറാൻ പ്രസിഡന്റിന്റെ ക്ഷണം
യു.എ.ഇ-ഇറാൻ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ അടുത്തഘട്ടമായാണ് യു.എ.ഇ പ്രസിഡന്റിനെ വരവേൽക്കാൻ ഇറാൻ തയാറാകുന്നത്
ദുബൈ: ഇറാൻ സന്ദർശിക്കാൻ യു.എ.ഇ പ്രസിഡന്റിന് ഇറാൻ പ്രസിഡന്റിന്റെ ക്ഷണം. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിനുള്ള ക്ഷണക്കത്ത് അംബാസഡർ മുഖേനയാണ് കൈമാറിയത്. യു.എ.ഇ-ഇറാൻ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ അടുത്തഘട്ടമായാണ് യു.എ.ഇ പ്രസിഡന്റിനെ വരവേൽക്കാൻ ഇറാൻ തയാറാകുന്നത്.
ഇറാൻ പ്രസിഡൻറ് ഇബ്രാഹീം റഈസിയാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ തങ്ങളുടെ രാജ്യത്തേക്ക് സന്ദർശനത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇബ്രാഹിം റഈസിയുടെ ക്ഷണക്കത്ത് അബുദാബി വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇയിലെ ഇറാൻ അംബാസഡർ റിസാ അമീരിയിൽ നിന്ന് യു.എ.ഇ സഹമന്ത്രി ഖലീഫ ശാഹീൻ അൽ മറർ കൈപറ്റിയെന്ന് യു.എ.ഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നതിൻറെ ഭാഗമായി ശൈഖ് മുഹമ്മദ് ജൂണിൽ അബൂദബിയിൽ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലഹൈനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മേഖലക്ക് മുഴുവൻ ഗുണകരമാകുന്വന്ന വിധം ബന്ധം വളർത്തേണ്ടതുണ്ടെന്ന് ഇരുവരും അഭിപ്രായപ്പെട്ടിരുന്നു. മാർച്ചിൽ ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനുമായും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.