അബൂദബിയിൽ ബഹ്‌റൈൻ രാജാവ് യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ചയിൽ ബഹ്‌റൈൻ, യു.എ.ഇ ജനതകളുടെ ഉന്നമനത്തിനായി കൈകോർത്ത് പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും തമ്മിൽ ധാരണയായി

Update: 2023-08-01 19:08 GMT
Advertising

അബൂദബി: ബഹ്‌റൈൻ രാജാവ് അബൂദബിയിലെത്തി യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ശക്തമാക്കുന്നതായിരുന്നു കൂടിക്കാഴ്ചയെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ അബൂദബിയിലുള്ള വസതിയിലെത്തിയാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ കൂടിക്കാഴ്ച നടത്തിയത്.

അബൂദബി രാജകുടുംബാംഗവും പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സഹോദരനുമായ ശൈഖ് സഈദിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ രാജാവ് അനുശോചനം രേഖപ്പെടുത്തി. ശൈഖ് സഈദിനും കുടുംബത്തിനുമായി രാജാവ് പ്രാർഥന നടത്തി. ചർച്ചയിൽ ബഹ്‌റൈൻ, യു.എ.ഇ ജനതകളുടെ ഉന്നമനത്തിനായി കൈകോർത്ത് പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും തമ്മിൽ ധാരണയായി.

ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ, പ്രസിഡന്റിന്റെ ഉപദേശകൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽനഹ്യാൻ തുടങ്ങിയവർ ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. ബഹ്‌റൈൻ രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്‌റൈൻ സൂപ്രീം കൗൺസിൽ ഡെപ്യൂട്ടി പ്രസിഡന്റ് ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News