നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച ഖത്തറിനെയും, യു.എ.ഇയെയും അഭിനന്ദിച്ച് ലോകരാജ്യങ്ങള്‍
സൗഹൃദം ശക്തമാക്കുന്ന ചുവടുവെപ്പാണ് ഖത്തറും യു.എ.ഇയും നടത്തിയതെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പ്രശംസിച്ചു
നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച ഖത്തറിനെയും, യു.എ.ഇയെയും അഭിനന്ദിച്ച് ലോകരാജ്യങ്ങള്‍. ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ ഗൾഫ് സഹകരണ കൗൺസിൽ അഭിനന്ദിച്ചു.
എംബസി തുറക്കാൻ വൈകിയെങ്കിലും യു.എ.ഇയുമായി ഖത്തറിലെ സൗഹൃദ ബന്ധം നേരത്തെ തന്നെ ഊഷ്മളമാക്കിയിരുന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരത്തെ യു.എ.ഇ സന്ദർശിക്കുകയും ലോകകപ്പ് ഫുട്ബാൾ വേളയിൽ സൗദി, ഈജിപ്ത്, യു.എ.ഇ രാഷ്ട്ര തലവൻമാര്‍ ഖത്തറിന്‍റെ അതിഥികളായി ദോഹയിലെത്തുകയും ചെയ്തു.
സൗഹൃദം ശക്തമാക്കുന്ന ചുവടുവെപ്പാണ് ഇരുരാജ്യങ്ങളും നടത്തിയതെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പ്രശംസിച്ചു. മേഖലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും ഈ നീക്കം ഏറെ സംഭാവനകൾ ചെയ്യുമെന്ന് തുർക്കിഷ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഗൾഫ് ഐക്യത്തിലൂടെ മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനും, ചരിത്രപരമായ ബന്ധങ്ങൾ കൂടുതൽ ദൃഢപ്പെടുത്താനും ഇതിലൂടെ കഴിയുമെന്ന് ഒമാൻ പ്രതികരിച്ചു.