യു.എ.ഇയിൽ അടുത്ത ജൂൺ മുതൽ കോർപ്പറേറ്റ് നികുതി നിലവിൽ വരും
വരുമാനത്തിന്റെ ഒമ്പത് ശതമാനമാണ് നികുതിയടക്കേണ്ടത്
Update: 2022-12-14 13:49 GMT
യു.എ.ഇയിൽ മുൻപ് പ്രഖ്യാപിച്ച കോർപ്പറേറ്റ് നികുതി 2023 ജൂൺ 1 മുതലാണ് ഏർപ്പെടുത്തിത്തുടങ്ങുന്നത്. ലാഭത്തിന്റെ ഒമ്പത് ശതമാനമാണ് കോർപ്പറേറ്റ് നികുതിയിനത്തിൽ അടയ്‌ക്കേണ്ടത്. എന്നാൽ ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളേയും പിന്തുണയ്ക്കുന്നതിനായി കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുന്നതിന് ഗവൺമെന്റ് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്.
പ്രതിവർഷം 3,75,000 ദിർഹത്തിൽ കൂടുതൽ ലാഭം നേടുന്ന കമ്പനികളും വ്യക്തികളുമാണ് വരുമാനത്തിന്റെ ഒമ്പത് ശതമാനം നികുതിയായി അടയ്‌ക്കേണ്ടത്. കമ്പനിയുടെ മൊത്തം വിറ്റുവരവിൽ നിന്നല്ല, മറിച്ച് ലാഭത്തിൽനിന്നാണ് ഈ നികുതി അടയ്‌ക്കേണ്ടി വരിക. ലോകത്തെ ഏറ്റവും കുറഞ്ഞ കോർപ്പറേറ്റ് നികുതികളിൽ ഒന്നാണിത്. മറ്റു പല രാജ്യങ്ങളിലും യു.എ.ഇയുടെ ഇരട്ടിയിലധികം നിരക്കിലാണ് കോർപ്പറേറ്റ് നികുതി ഈടാക്കുന്നത്.