ഖോർഫുക്കാനിൽ ബോട്ടപകടം; രണ്ടുപേർക്ക് പരിക്കേറ്റു
അപകടത്തിൽപെട്ട ബോട്ടിലെ ജീവനക്കാരിൽ ഒരാൾ മലയാളിയാണ്
യുഎഇ: ഖോർഫുക്കാനിൽ വിനോദയാത്രക്കിടെ രണ്ട് ബോട്ടുകൾ മുങ്ങി അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. ഏഴ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി യു എ ഇ കോസ്റ്റുഗാർഡ് അറിയിച്ചു. അപകടത്തിൽപെട്ട ബോട്ടിലെ ജീവനക്കാരിൽ ഒരാൾ മലയാളിയാണ്.
ഖോർഫുക്കാനിലെ ഷാർക്ക് ഐലന്റിലാണ് രണ്ട് ബോട്ടുകൾ മുങ്ങിയത്. ശക്തമായ കാറ്റിൽ ബോട്ടുകൾ മറിഞ്ഞ് മുങ്ങുകയായിരുന്നു. ജീവനക്കാരടക്കം പത്ത് പേരാണ് രണ്ട് ബോട്ടുകളിലുമായി ഉണ്ടായിരുന്നത്. അപകടത്തിൽപെട്ട ബോട്ടിലെ ജീവനക്കാരിൽ ഒരാൾ മലയാളിയാണ്. കണ്ണൂർ സ്വദേശിയായ പ്രദീപ് ഉൾപ്പെടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മറ്റുള്ളവർ പഞ്ചാബ്, ബംഗാൾ സ്വദേശികളാണെന്നാണ് വിവരം. ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ഏഴുപേരെയും സുരക്ഷിതമായി കരക്കെത്തിക്കാൻ കോസ്റ്റുഗാർഡിന് കഴിഞ്ഞു. പരിക്കേറ്റ് അമ്മയെയും കുട്ടിയെയും ഉടൻ നാഷണൽ ആംബുലൻസ് ആശുപത്രിയിലെത്തിച്ചു. പെരുന്നാൾ അവധിക്കാലത്തും ഖൊർഫുക്കാനിൽ സമാനമായ ബോട്ടപകടം റിപ്പോർട്ട് ചെയ്തിരുന്നു. സ്കൂൾ വിദ്യാർഥിയടക്കം രണ്ട് മലയാളികളും, ഒരു പാക് സ്വദേശിയുമാണ് അന്ന് അപകടത്തിൽ മരിച്ചത്.