യുഎഇ പതാകദിനം നാളെ; ദേശീയദിനത്തിന് നാല് ദിവസം അവധി
ഡിസംബർ ഒന്ന് മുതൽ നാല് വരെയാണ് അവധി. സുവർണ ജൂബിലി വർഷമായതിനാൽ വിപുലമായ പരിപാടികളാണ് ഇക്കുറി ദേശീയ ദിനാഘോഷത്തിന് ഒരുക്കുന്നത്.
നാളെ യുഎഇ പതാകദിനം. രാജ്യത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും നാളെ ദേശീയപതാക ഉയർത്തും. യുഎഇ പ്രസിഡൻറ് ശൈഖ് ഖലീഫ അധികാരമേറ്റതിന്റെ വാർഷികമാണ് പതാകദിനമായി ആചരിക്കുന്നത്. 2013മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്.
ഡിസംബർ രണ്ടിന് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യുഎഇ യിൽ നാലുദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ഒന്ന് മുതൽ നാല് വരെയാണ് അവധി. സുവർണ ജൂബിലി വർഷമായതിനാൽ വിപുലമായ പരിപാടികളാണ് ഇക്കുറി ദേശീയ ദിനാഘോഷത്തിന് ഒരുക്കുന്നത്.
പരിപാടികളിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. വാക്‌സിനേഷൻ പൂർത്തിയാക്കുകയോ അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് ഉള്ളവർക്കുമാണ് ആഘോഷ പരിപാടികളിൽ പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവർ 96 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നും പരിപാടിയിൽ പ്രവേശിക്കുന്നതിന് മുമ്പ് താപനില പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
വേദികളിൽ 80ശതമാനം ശേഷിയോടെ ആളുകളെ പ്രവേശിപ്പിക്കാം. എന്നാൽ പങ്കെടുക്കുന്നവർ എല്ലാവരും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ചിരിക്കാൻ അനുവാദമുണ്ടാകും. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണം.