ഗ്രീന്‍ പാസ് പ്രോട്ടോകോള്‍ ചൊവ്വാഴ്ച മുതല്‍; അബൂദബിയിലെ വിപുലമായ മുന്നൊരുക്കം
അബൂദബിയിലെ ലുലു കേന്ദ്രങ്ങളില്‍ ഗ്രീന്‍ പാസ് പ്രോട്ടോകോള്‍ നടപ്പാക്കാന്‍ കുറ്റമറ്റ സംവിധാനങ്ങള്‍ പൂര്‍ത്തീകരിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അബുദബിയില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാനും പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാനും അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍സിഗ്‌നല്‍ വേണമെന്ന നിബന്ധന ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. വാക്‌സിനെടുത്തവര്‍ക്കും കോവിഡ് നെഗറ്റീവാകുന്നവര്‍ക്കുമാണ് അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കുക. പരിശോധനാ വേളയിലെ തിരക്ക് ഒഴിവാക്കാന്‍ പരിശീലനം സിദ്ധിച്ച കൂടുതല്‍ പേരെ നിയമിക്കാന്‍ വിവിധ മാളുകളും മറ്റും നടപടി സ്വീകരിച്ചിട്ടുണ്ട്.
അബൂദബിയിലാണ് ഗ്രീന്‍ പാസ് പ്രോട്ടോകോള്‍ ആദ്യം നടപ്പാക്കുന്നത്. ചൊവ്വാഴ്ച മുതല്‍ തിരക്കുള്ള എല്ലാ കേന്ദ്രങ്ങളിലും ഗ്രീന്‍ പാസ് പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കും. ഷോപിങ് മാള്‍, വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടല്‍, പൊതുപാര്‍ക്ക്, ബീച്ച്, സ്വകാര്യ ബീച്ച്, സ്വിമ്മിങ് പൂള്‍, തീയറ്റര്‍, മ്യൂസിയം, റെസ്റ്റാറന്റ്, കഫെ, മറ്റ് വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം നടപ്പാക്കും. 16 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കാണ് ഇത് ബാധകമാകുക.. പി.സി.ആര്‍ പരിശോധനയുടെ കാലാവധിയുടെ അടിസ്ഥാനത്തില്‍ ആപ്പിന്റെ നിറം മാറും. ഗ്രീന്‍ പാസ് പ്രോട്ടോകോളിന് യു.എ.ഇ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്.