ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം; യുഎന്നിൽ ആശങ്കയറിയിച്ച് യു.എ.ഇ
തെഹ്റാന്റെ യുറേനിയം സമ്പുഷ്ടീകരണം സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയല്ലെന്ന് യു.എ.ഇയുടെ സ്ഥിരം പ്രതിനിധി കുറ്റപ്പെടുത്തി
ദുബൈ: ഇറാന്റെ ആണവോർജ പദ്ധതികളെ കുറിച്ച് ഐക്യരാഷ്ട്ര സഭയിൽ ആശങ്ക അറിയിച്ച് യു.എ.ഇ. തെഹ്റാന്റെ യുറേനിയം സമ്പുഷ്ടീകരണം സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയല്ലെന്ന് യു.എ.ഇയുടെ സ്ഥിരം പ്രതിനിധി കുറ്റപ്പെടുത്തി. യു.എൻ പരിശോധന സംഘത്തോട് ഇറാൻ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിയന്നയിൽ നടന്ന ആണവ നിർവ്യാപന യോഗത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ആണവോർജ ഏജൻസിയിലെ(ഐ.എ.ഇ.എ) യു.എ.ഇയുടെ സ്ഥിരം പ്രതിനിധിയായ ഹമദ് ആൽ കഅബി ഇറാന്റെ ആണവപദ്ധതികളിൽ കടുത്ത ആശങ്ക അറിയിച്ചത്. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് ഐ.എ.ഇ.എയുടെ ആശങ്കൾ ഇറാൻ ദൂരീകരിക്കണമെന്ന് കഅബി ആവശ്യപ്പെട്ടു. യു.എൻ പരിശോധന സംഘത്തോട് ഇറാൻ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2015ൽ ഇറാനുമായി അമേരിക്ക ഒപ്പിട്ട ആണവോർജ കരാറിൽ നിന്ന് യു.എസ് പിൻവലിഞ്ഞതു മുതൽ ഇറാൻ നടത്തുന്ന യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിർമാണത്തിനാണെന്ന ആശങ്ക മേഖലയിൽ ശക്തമാണ്. യു.എസിനെയും ഇറാനെയും കരാറിലേക്ക് തിരികെ കൊണ്ടു വരാനുള്ള ചർച്ചകൾ രണ്ടു വർഷമായി നടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.