ഗൾഫിലെ നീളമേറിയ റെയിൽവേ തുരങ്കം യുഎഇയിൽ സജ്ജം
1.8 കി.മീറ്റർ നീളമുള്ള തുരങ്കത്തിന്റെ നിർമാണം പൂർത്തിയായി
ഗൾഫ് മേഖലയിലെ ഏറ്റവും നീളമേറിയ റെയിൽവേ തുരങ്കം യുഎഇയിൽ പൂർത്തിയായി. ഇത്തിഹാദ് റെയിൽവേയുടെ ഭാഗമായാണ് ഒരു കിലോമീറ്ററും 800 മീറ്ററും നീളമുള്ള തുരങ്കം തീർത്തത്.
ഷാർജയ്ക്കും ഫുജൈറയ്ക്കും ഇടയിൽ അൽഹിജർ പർവതനിരകളെ തുരന്നാണ് ഗൾഫിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കം തീർത്തിരിക്കുന്നത്. മലതുരന്ന് തുരങ്കം തീർക്കുന്ന നടപടികളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. ഇത്തിഹാദ് റെയിൽ രണ്ടാംഘട്ടത്തിന്റെ പാക്കേജ് ഡിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. ദുബൈയിൽനിന്ന് ഷാർജ വഴി ഫുജൈറയിലേക്ക് നീളുന്ന 145 കിലോമീറ്ററാണ് ഈ ഘട്ടത്തിൽ നിർമിക്കുന്നത്.
മൊത്തം 6.9 കിലോമീറ്റർ നീളമുള്ള ഒൻപത് തുരങ്കങ്ങൾ ഈഘട്ടത്തിലുണ്ട്. 54 പാലങ്ങളും ഒട്ടകത്തിനടക്കം കടന്നുപോകാനാള്ള 20 ആനിമൽ ക്രോസിങ്ങും ഇതിന്റെ ഭാഗമാണ്. സൗദി അതിർത്തി മുതൽ യുഎഇയിലെ മുഴുവൻ എമിറേറ്റുകളിലേക്കും നീളുന്ന ഇത്തിഹാദിന്റെ റെയിലിന്റെ പാളം സജ്ജീകരിക്കുന്ന ജോലികൾ അബൂദബി-സൗദി അതിർത്തിയായ അൽദഫ്‌റയിൽ തുടങ്ങിയിട്ടുണ്ട്.