യുഎഇ സമ്പദ് വ്യവസ്ഥ കുതിക്കുമെന്ന് യുബിഎസ് റിപ്പോർട്ട്

അന്താരാഷ്ട്ര നാണയ നിധി കഴിഞ്ഞ ദിവസം നടത്തിയ പ്രവചനത്തിന്റെ ചുവടുപിടിച്ചാണ് യുബിഎസിന്റെ വിലയിരുത്തൽ

Update: 2024-10-28 16:20 GMT
Advertising

ദുബൈ: 2025 സാമ്പത്തിക വർഷത്തിൽ യുഎഇയുടെ സാമ്പത്തിക വളർച്ച അഞ്ചു ശതമാനത്തിലേറെ വളർച്ച കൈവരിക്കുമെന്ന് ആഗോള ധനകാര്യ സ്ഥാപനമായ യുബിഎസ്. യുഎഇയുടെ ജിഡിപി വളർച്ചയ്ക്ക് അനുകൂലമായ നിരവധി ആഗോള ഘടകങ്ങൾ നിലവിലുണ്ടെന്നും ഏജൻസി പറയുന്നു.

യുബിഎസ് വെൽത്ത് മാനേജ്‌മെന്റ് ചീഫ് ഇൻവസ്റ്റ്‌മെന്റ് ഓഫീസർ മൈക്കൽ ബോളിഗറാണ് അടുത്ത സാമ്പത്തിക വർഷം യുഎഇയുടെ ജിഡിപി വളർച്ച അഞ്ചു ശതമാനം കടക്കുമെന്ന പ്രവചനം നടത്തിയത്. അന്താരാഷ്ട്ര നാണയ നിധി കഴിഞ്ഞ ദിവസം നടത്തിയ പ്രവചനത്തിന്റെ ചുവടുപിടിച്ചാണ് യുബിഎസിന്റെ വിലയിരുത്തൽ. 2025 ൽ ജിഡിപി വളർച്ച 5.1 ശതമാനമായി വർധിക്കുമെന്നായിരുന്നു ഐഎംഎഫിൻറെ പ്രവചനം.

എണ്ണയുത്പാദനവും ഇതുമായി ബന്ധപ്പെട്ട ഒപെക് രാഷ്ട്രങ്ങളുടെ തീരുമാനങ്ങളും വളർച്ചയിൽ പ്രതിഫലിക്കും. സാമ്പത്തിക വളർച്ച സാധ്യമാക്കുന്ന അന്താരാഷ്ട്ര ഘടകങ്ങൾ നിലവിലുണ്ട്. ചൈന കരുതൽ ധനശേഖരം കുറച്ചത് അടക്കമുള്ള ഉത്തേജക പ്രഖ്യാപനങ്ങൾ വിപണിയെ ഗുണകരമായി സ്വാധീനിക്കുമെന്നും ബോളിഗർ വ്യക്തമാക്കി.

ടൂറിസം, നിർമാണം, ധന മേഖലകളിലെ ഉണർവ് എന്നിവയാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ പ്രതിഫലിക്കുകയെന്നായിരുന്നു ഐഎംഎഫ് റിപ്പോർട്ട്. 2025 ൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 6.2 ശതമാനത്തിലെത്തുമെന്നാണ് അറബ് മോണിറ്ററി ഫണ്ടിന്റെ പ്രവചനം. 2024ലെ 3.9 ശതമാനത്തിൽ നിന്നാണ് സാമ്പത്തിക മേഖല ഇത്രയും വളർച്ച കൈവരിക്കുക.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News