ദുബൈ തീരത്ത് കണ്ടൽക്കാടുകളുടെ പച്ചപ്പരവതാനി! 100 ദശലക്ഷത്തിലധികം മരം നടാൻ പദ്ധതി
'ദുബൈ മാൻഗ്രോവ്‌സ്' പദ്ധതിക്കായി ആറ് പൈലറ്റ് ലൊക്കേഷനുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്
ദുബൈ:യു.എ.ഇയിലെ സുപ്രധാന കച്ചവട നഗരമായ ദുബൈയുടെ കടൽതീരത്തുടനീളം കണ്ടൽക്കാടുകളുടെ പച്ചപ്പരവതാനി വിരിക്കപ്പെടുമോ? 'ദുബൈ മാൻഗ്രോവ്‌സ്' എന്ന പേരിൽ തീരപ്രദേശത്തിന്റെ 72 കിലോമീറ്റർ ചുറ്റളവിൽ 100 ദശലക്ഷത്തിലധികം കണ്ടൽമരം നടാൻ പദ്ധതി ആവിഷ്‌കരിച്ചതോടെയാണ് ഈ ചോദ്യമുയരുന്നത്. ദുബൈ ആസ്ഥാനമായുള്ള സുസ്ഥിര നഗര ഡെവലപ്പറായ യുആർബിയാണ് ഈ ആഴ്ച പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഗവേഷണ-വികസന ഘട്ടത്തിലുള്ള പദ്ധതി - 2040 ഓടെ ആറ് ഘട്ടങ്ങളിലായി യാഥാർത്ഥ്യമാക്കാൻ ഉദ്ദേശിക്കുന്നതായും യു.ആർ.ബിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
കണ്ടൽ വനങ്ങൾ, ബയോസ്ഫിയർ, പോക്കറ്റ് ബീച്ച് പാർക്കുകൾ, സാമൂഹിക ഇടങ്ങൾ, സന്ദർശക കേന്ദ്രം, ബൊട്ടാണിക്കൽ മ്യൂസിയം, പ്രകൃതി സംരക്ഷണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായുണ്ടാകുക. നാച്ച്വർ വാക്ക്, വിദ്യാഭ്യാസ പരിപാടികൾ, സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ ബൃഹത്തായ ഇക്കോടൂറിസം പദ്ധതി വഴി സാധ്യമാകും. 10,000 ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും യു.ആർ.ബി പറയുന്നു.
'ദുബൈ മാൻഗ്രോവ്‌സ്' പദ്ധതിക്കായി കമ്പനി ആറ് പൈലറ്റ് ലൊക്കേഷനുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജബൽ അലി ബീച്ച്, ദുബൈ മറീന ബീച്ച്, ജുമൈറ പബ്ലിക് ബീച്ച്, ഉമ്മു സുഖീം ബീച്ച്, മെർകാറ്റോ ബീച്ച്, ദുബൈ ഐലൻഡ്‌സ് ബീച്ച് എന്നിവയാണത്.
പദ്ധതിക്കായി വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ടാണ് കണ്ടെത്തുന്നതെന്നാണ് യു.എ.ഇ സിഇഒ ബഹരാഷ് ബഗേറിയൻ പറയുന്നത്. 'സ്പോൺസർഷിപ്പ്, കാർബൺ ക്രെഡിറ്റുകളിലെ നിക്ഷേപം, പരിസ്ഥിതി വിദ്യാഭ്യാസസംരക്ഷണ ശ്രമങ്ങളിലെ പങ്കാളിത്തം എന്നിവയിലൂടെ ബിസിനസ് സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും പദ്ധതിയിൽ സംഭാവന നൽകാനോ സഹകരിക്കാനോ അവസരമുണ്ട്. എന്നാൽ, ഈ ഘട്ടത്തിൽ, പ്രധാന സഹകരണ അവസരങ്ങൾ ഗവേഷണ തലത്തിൽ മാത്രമാണ്' ബഗേറിയൻ വ്യക്തമാക്കി.
കണ്ടൽക്കാട് നിർമിച്ചെടുക്കാനും പരിപാലിക്കാനും ഡ്രോണുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയും കമ്പനി വിഭാവനം ചെയ്യുന്നുണ്ട്. കണ്ടൽ വിത്ത് നടുന്നതിന് ഡ്രോണുകൾ സജ്ജീകരിക്കും. ഉപഗ്രഹ ചിത്രങ്ങൾ വളർച്ച ട്രാക്കുചെയ്യും. കണ്ടൽക്കാടുകളുടെ വളർച്ച പ്രവചിക്കാനും കൃഷി മെച്ചപ്പെടുത്താനും എഐ അധിഷ്ഠിത അനലിറ്റിക്സ് സഹായിക്കും.
കണ്ടൽക്കാടുകളുടെ ശൃംഖല ദുബൈയുടെ തീരദേശത്തെ കടലെടുക്കുന്നതിൽനിന്ന് രക്ഷിക്കുമെന്നും അസംഖ്യം സസ്യജന്തുജാലങ്ങൾക്ക് അഭിവൃദ്ധി നൽകുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുമെന്നുമാണ് യു.ആർ.ബി ചൂണ്ടിക്കാട്ടുന്നത്. കണ്ടൽക്കാടുകൾ ഇതിന് ഏറ്റവും ഉചിതമാണെന്നും ഓർമിപ്പിക്കുന്നു.
'ഒരു കണ്ടൽ ചെടിക്ക് പ്രതിവർഷം ഏകദേശം 12.3kg കാർബൺ ഡൈ ഓക്‌സൈഡ് (CO2) ആഗിരണം ചെയ്യാനുള്ള ശേഷി ഉള്ളതിനാൽ, മുഴുവൻ പദ്ധതിക്കും ഓരോ വർഷവും 1.23 ദശലക്ഷം ടൺ CO2 ആഗിരണം ചെയ്യാൻ കഴിയും. ഇത് ഓരോ വർഷവും 260,000-ലധികം ഗ്യാസോലിൻ യാത്രാ വാഹനങ്ങൾ പുറന്തള്ളുന്ന CO2 റോഡുകളിൽ നിന്ന് നീക്കം ചെയ്യുന്നതിനു തുല്യമാണ്.' കമ്പനി അധികൃതർ പറഞ്ഞു.
ദുബൈ റീഫ്‌സ് എന്ന പേരിൽ സമുദ്ര ഗവേഷണത്തിനും പുനരുജ്ജീവനത്തിനും ഇക്കോടൂറിസത്തിനുമായി സുസ്ഥിര ഫ്‌ളോട്ടിംഗ് കമ്മ്യൂണിറ്റി പദ്ധതി യുആർബി മുമ്പ് പ്രഖ്യാപിച്ചിരുന്നു. 'ദി ലൂപ്പ്' എന്ന് പേരിട്ട് ദുബൈക്ക് ചുറ്റും 93 കിലോമീറ്റർ കാലാവസ്ഥാ നിയന്ത്രിത സൈക്കിൾ ഹൈവേ നിർദ്ദേശിക്കുന്ന മറ്റൊരു പദ്ധതിയും ആസൂത്രണം ചെയ്തിരുന്നു.
വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: ഖലീജ് ടൈംസ്
URB's Dubai Mangroves' project