വിലക്കുകള്‍ നീങ്ങിയതോടെ യു.എ.ഇയിലേക്ക് സന്ദര്‍ശക പ്രവാഹം
ഇന്ത്യയിലെ പല വിമാനത്താവളങ്ങളിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന നിരക്കും വർധിച്ചു.
വിലക്കുകൾ നീങ്ങിയതോടെ യു.എ.ഇയിലേക്ക് സന്ദർശകരുടെ പ്രവാഹം. ഇന്ത്യയിലെ പല വിമാനത്താവളങ്ങളിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന നിരക്കും വർധിച്ചു. ദുബൈയിലേക്കാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത്.
ദുബൈ വിമാനത്താവളത്തിലേക്ക് എല്ലാ വിസക്കാരെയും അനുവദിക്കുന്നുണ്ട്. ഏത് എമിറേറ്റിലേക്കുള്ള യാത്രക്കാർക്കും ദുബൈയിൽ ഇറങ്ങാം. വാക്സിനേഷൻ നിർബന്ധമില്ല. ദുബൈയിൽ റസിഡൻറ് വിസയുള്ളവർ ജനറൽ ഡയറക്ടറേറ്റിൻെറയും (ജി.ഡി.ആർ.എഫ്.എ) മറ്റ് എമിറേറ്റുകളിൽ റസിഡൻറ് വിസയുള്ളവർ ഫെഡറൽ അതോറിറ്റിയുടെയും (ഐ.സി.എ) അനുമതി നേടിയിരിക്കണം. സന്ദർശക വിസക്കാർക്ക് അനുമതി നിർബന്ധമില്ല.
എല്ലാത്തരം വിസക്കാർക്കും ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം. ഇന്ത്യയിലെ കോവിഷീൽഡ് എടുത്തവർക്ക് വരാം.
സന്ദർശക വിസക്കാരും ഇ - വിസക്കാരും ഐ.സി.എയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ദുബൈ റസിഡൻറ് വിസക്കാർ ജി.ഡി.ആർ.എഫ്.എയുടെയും മറ്റ് എമിറേറ്റിലെ റസിഡൻറ് വിസക്കാർ ഐ.സി.എയുടെയും അനുമതിയും നേടണം.
അബൂദബിയിലേക്കും സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങി. അബൂദബി വിസ എടുത്തവർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം. വാക്സിനെടുക്കാത്തവർക്ക് പത്ത് ദിവസവും വാക്സിനെടുത്തവർക്ക് ഏഴ് ദിവസവും ക്വാറൻറീനുണ്ട്.
അബൂദബിയിലെ സന്ദർശക വിസ ഉപയോഗിച്ച് ദുബൈയിലേക്കോ ഷാർജയിലേക്കോ യാത്ര ചെയ്യാം. ഇവിടെ പത്ത് ദിവസം ക്വാറൻറീനിൽ കഴിഞ്ഞ് അബൂദബിയിലേക്ക് പ്രവേശിക്കാം. റസിഡൻറ് വിസക്കാർക്ക് അബൂദബിയിലേക്ക് നേരിട്ടെത്താം. വാക്സിനേഷൻ നിർബന്ധമില്ല. ഐ.സി.എയുടെ അനുമതി നിർബന്ധമാണ്.