വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ലോകത്ത് ഏകദേശം ഒരു ബില്ല്യൺ ആളുകൾക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്

Update: 2023-09-27 03:20 GMT
Editor : Lissy P | By : Web Desk
Advertising

നമ്മുടെ ശരീരത്തിന് ആവശ്യമുള്ള  ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. അസ്ഥികളുടെ വളർച്ചക്കും ആരോഗ്യത്തിനും ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്യാനും നിലനിർത്താനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. ലോകത്ത് ഏകദേശം ഒരു ബില്ല്യൺ ആളുകൾക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടെന്നും ജനസംഖ്യയുടെ 50 ശതമാനം പേർക്ക് വിറ്റാമിൻ ഡിയുടെ അപര്യാപ്തതയുണ്ടെന്നുമാണ് പഠനങ്ങൾ പറയുന്നത്.

വിറ്റാമിൻ ഡി കുറയുന്നത് പേശികളുടെ ബലക്ഷയത്തിന് കാരണമാകും. വിറ്റാമിൻ ഡിയുടെ അളവ് കുറയുമ്പോൾ അസ്ഥികൾ ദുർബലമാകും. വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. വിറ്റാമിൻ ഡിയുടെ കുറയുന്നതിന്റെ ലക്ഷണങ്ങള്‍ പല രീതിയിലാണ് ശരീരം കാണിക്കാറുള്ളത്. 

ലക്ഷണങ്ങൾ

എപ്പോഴും ക്ഷീണം തോന്നുക, ഒന്നും ചെയ്യാൻ കഴിയാതെ തളർന്നുപോകുക, അസ്ഥി വേദന, പേശികളുടെ ബലഹീനത, പേശി വേദന, വിഷാദം, മുടി കൊഴിച്ചില്‍ തുടങ്ങിയവയെല്ലാം വിറ്റാമിൻ ഡിയുടെ കുറവുണ്ടെന്ന് ശരീരം കാണിക്കുന്ന ലക്ഷണങ്ങളാണ്. വിറ്റാമിൻ ഡിയുടെ കുറവ് സിസ്റ്റിക് ഫൈബ്രോസിസ്, പൊണ്ണത്തടി, വൃക്ക,കരൾ രോഗങ്ങൾ എന്നിവക്കും കാരണമാകും.

വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാന്‍

ചർമ്മം,ഭക്ഷണം,സപ്ലിമെന്റുകൾ എന്നിവ വഴിയാണ് ഒരാൾക്ക് ശരീരത്തിൽ വിറ്റാമിൻ ഡി ലഭിക്കുന്നത്.  വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാന്‍ ദിവസവും 10-15 മിനിറ്റെങ്കിലും സൂര്യപ്രകാശം ഏൽക്കാം. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം.  പാൽ,മുട്ട,മത്സ്യം തുടങ്ങിയവയിലെല്ലാം വിറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്.  സപ്ലിമെന്റുകൾ കഴിക്കേണ്ടത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമാണ്.

വിറ്റാമിൻ ഡി അമിതമായാലും ശരീരത്തിന് ദോഷമാണ്. വിശപ്പില്ലായ്മ,ഓർമക്കുറവ്, ഛർദി തുടങ്ങിയവക്ക് ഇത് കാരണമാകും. അതുകൊണ്ട് വിറ്റാമിൻ ഡി സപ്ലിമെന്റുകൾ എടുക്കുന്നവര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുകയും ഡോക്ടറുടെ നിര്‍ദേശം തേടുകയും ചെയ്യണം. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News