നട്‌സ് അധികം വേണ്ട; അളവില്‍ കൂടുതല്‍ കഴിച്ചാല്‍ അമിതവണ്ണത്തിന് കാരണം​

​നട്‌സില്‍ നിന്നും പ്രോട്ടീന്‍ ശരീരത്തിലേയ്ക്ക് എത്തും എന്ന കാരണത്താലാണ് ശരീരഭാരം കുറയ്ക്കുന്നവര്‍ പലരും നട്‌സ് കഴിക്കുന്നത്

Update: 2023-09-25 13:17 GMT
Editor : anjala | By : Web Desk
Advertising

നട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചിലര്‍ ശരീരഭാരം കുറയ്ക്കാന്‍ നട്‌സ് കഴിക്കാറുണ്ട്. എന്നാല്‍, പലപ്പോഴും പലരും ശരിയായ അളവില്‍ അല്ല കഴിക്കാറുളളത്. നട്‌സ് കഴിക്കേണ്ട അളവില്‍ കഴിച്ചില്ലെങ്കില്‍ ശരീരത്തെ ദോഷമായി ബാധിക്കും കൊളസ്‌ട്രോളും വണ്ണവും വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാകാറുണ്ട്. ശരിയായ അളവില്‍ നട്‌സ് എത്രത്തോളം കഴിക്കാം എന്നും നോക്കാം.‌

നട്‌സില്‍ ധാരാളം പോഷകങ്ങളും ആരോഗ്യത്തിനു സഹായിക്കുന്ന ഹെല്‍ത്തി ഫാറ്റും പ്രോട്ടീനും നാരുകളും നട്‌സില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നുണ്ട്. നട്സ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹം കുറയ്ക്കാനും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ബദാം നല്ലതാണ്. ഇതിൽ മോണോസാച്വുറേറ്റഡ് ഫാറ്റും അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ വളരെ പെട്ടെന്ന് വിശപ്പ് കുറയ്ക്കാനും അമിതമായി കഴിക്കുന്നത് തടയാനും സഹായിക്കുന്നു.

നട്‌സ് അമിതവണ്ണത്തിന് കാരണമാകുന്നത് എപ്പോള്‍

​നട്‌സില്‍ നിന്നും പ്രോട്ടീന്‍ ശരീരത്തിലേയ്ക്ക് എത്തും എന്ന കാരണത്താലാണ് ശരീരഭാരം കുറയ്ക്കുന്നവര്‍ പലരും നട്‌സ് കഴിക്കുന്നത്. എന്നാല്‍, നട്‌സില്‍ പ്രോട്ടീന്‍, ഫൈബര്‍ എന്നതിനേക്കാളും കൂടുതല്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഒരു പരിധിയില്‍ കൂടുതല്‍ കഴിച്ചാല്‍ ശരീഭാരം കുറയ്ക്കുകയല്ല, മറിച്ച് ശരീരഭാരം കൂട്ടുകയാണ് ചെയ്യുന്നത്.

നട്‌സ് കഴിക്കേണ്ട ശരിയായ രീതി​

നട്‌സ് കഴിക്കുന്നതിനും ചില രീതികള്‍ ഉണ്ട്. ബദാം, പിസ്ത എന്നിവ കഴിക്കുമ്പോള്‍ 5 അല്ലെങ്കില്‍ 6 എണ്ണത്തില്‍ കൂടുതല്‍ ഒരു ദിവസം കഴിക്കാതിരിക്കാന്‍ ശ്ര​ദ്ധിക്കണം. ഭക്ഷണം കഴിച്ച് കഴിഞ്ഞ് അടുത്ത ഭക്ഷണം കഴിക്കാനുള്ള ഇടയില്‍ നട്‌സ് കഴിക്കാവുന്നതാണ്. എല്ലാ നട്‌സും ഒരുമിച്ച് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ കുറച്ചു മാത്രം നട്‌സ് ഒരു ദിവസം കഴിക്കുക. ഇത്തത്തില്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല നല്ല പോഷകങ്ങള്‍ ശരീരത്തില്‍ എത്താനും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കിൽ രാവിലെ വെറും വയറ്റില്‍ നട്‌സ് കഴിക്കാം. ഇതിനായി തലേ​ദിവസം നട്‌സ് കുതിര്‍ത്ത് വെച്ചതിനു ശേഷം പിറ്റേ ദിവസം കഴിക്കണം. അല്ലെങ്കില്‍ നട്‌സും ഇതില്‍ രണ്ട് ഈന്തപ്പഴവും ചെറുപഴവും ചേര്‍ത്ത് മിക്‌സിയുടെ ജാറില്‍ ഇട്ട് അരച്ച് സ്മൂത്തി തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇങ്ങനെ കഴിക്കുന്നതിലൂടെ ശരീരത്തിലേയ്ക്ക് പോഷകങ്ങള്‍ എത്തിക്കാനും എനര്‍ജി നല്‍കാനും സഹായിക്കും.

ചിലര്‍ നട്‌സ് മസാല ചേര്‍ത്ത് കഴിക്കാറുണ്ട്. ഇത്തരത്തില്‍ നട്‌സ് കഴിക്കുന്നത് കൊഴുപ്പിന്റെ അളവ് കൂടാൻ കാരണമാകും. നട്‌സിൽ മറ്റൊന്നും ചേർക്കാതെ കഴിക്കുന്നതാണ് നല്ലത്. മാത്രമല്ല, ബദാം എന്നിവയുടെ തൊലി കളയാതെ കഴിക്കുന്നതാണ് കൂടുകതല്‍ നല്ലത്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News