തന്തൂരി ചിക്കൻ പ്രേമികൾ സൂക്ഷിക്കുക! ഈ കാൻസറിന് കാരണമാകുമെന്ന് വിദഗ്ധർ

ചെറിയ പരിപാടിയാണെങ്കില്‍ പോലും ഇത്തരത്തിലുള്ള ചിക്കന്‍ വിഭവങ്ങള്‍ മലയാളികളുടെ തീന്‍മേശയില്‍ സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്

Update: 2022-11-24 11:01 GMT
Editor : Lissy P | By : Web Desk
Advertising

തന്തൂരി,ഗ്രിൽഡ്, ബാർബിക്യൂഡ് ... മലയാളിയുടെ ഇഷ്ടഭക്ഷണങ്ങളുടെ പട്ടികയിൽ ഇവയെല്ലാം മുൻനിരയിലുണ്ടാകും. നാട്ടിൽ മുക്കിലും മൂലയിലും ഇത്തരം വിഭവങ്ങൾ സുലഭമായി ലഭിക്കുന്ന നിരവധി കടകളും ഇന്നുണ്ട്. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിനോട് മലയാളിയുടെ ഇഷ്ടം കൂട്ടിയതിൽ ഇത്തരം വിഭവങ്ങൾക്കും വലിയ പങ്കുണ്ട്. ഇന്ന് ഏത് ചെറിയ പരിപാടിയാണെങ്കില്‍ പോലും ഇത്തരത്തിലുള്ള ചിക്കന്‍ വിഭവങ്ങള്‍ തീന്‍മേശയില്‍ നിര്‍ബന്ധമാണ്.

എന്നാൽ ഇത്തരം ചിക്കൻ വിഭവങ്ങൾ അമിതമായി കഴിക്കുന്നത് കാൻസറിന് കാരണമായേക്കാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ചിക്കൻ തീയിൽ നേരിട്ട് പാകം ചെയ്യുമ്പോൾ അതിന് മുകളിലെ പാളിയിൽ അർബുദ സംയുക്തങ്ങൾ രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നമെന്നാണ് വിദദ്ധർ പറയുന്നത്. പേശികൾ ഉണ്ടാക്കാൻ സഹായിക്കുന്ന ഓർഗാനിക് അമ്ലമായ ക്രിയാറ്റിൻ തീയിൽ ചൂടാക്കുമ്പോൾ കാൻസറിന് കാരണമാകുന്ന ഹെറ്ററോസൈക്ലിക് അമിനുകളായി മാറുമെന്നാണ് വിദഗ്ധർ പറയുന്നത്. ഗ്രിൽഡ് ചെയ്‌തെടുക്കുന്ന മാംസം കഴിക്കുന്നത് മൂലമുണ്ടാകുന്നതാണ് പാൻക്രിയാറ്റിക് കാൻസറെന്ന് മിനസോട്ട സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. പഠനത്തിന്റെ ഭാഗമായി നടത്തിയ സർവേകൾ പ്രകാരം ഇത്തരം ഇറച്ചി കൂടുതലായി കഴിക്കുന്ന 60 ശതമാനം ആളുകൾക്ക് പാൻക്രിയാറ്റിക് കാൻസർ വരാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

മയോ ക്ലിനിക്കിന്റെ റിപ്പോർട്ട് അനുസരിച്ച് പാൻക്രിയാറ്റിക് കാൻസർ അതിന്റെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താനാകുന്നില്ല. മറ്റ് അവയവങ്ങളിലേക്ക് പടർന്ന് മാരകമായ ഘട്ടത്തിൽ എത്തുന്നതുവരെ പലപ്പോഴും രോഗലക്ഷണങ്ങൾ കാണിക്കാറില്ല.

കാൻസർ സാധ്യത എങ്ങനെ കുറയ്ക്കാം?

പാചകം ചെയ്യുന്നതിനുമുമ്പ് എല്ലായ്‌പ്പോഴും മാരിനേറ്റ് ചെയ്യുക

മാംസം തന്തൂരിലോ ബാർബിക്യൂവിലോ പാകം ചെയ്യുന്നതിനുമുമ്പ് കുറഞ്ഞത് 30 മിനിറ്റെങ്കിലും മാരിനേറ്റ് ചെയ്യുക. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ച് പറയുന്നതനുസരിച്ച് ഇങ്ങനെ ചെയ്യുമ്പോൾ ഇത് മാംസത്തെ കൂടുതൽ രുചികരമാക്കുക മാത്രമല്ല, മാംസത്തിനും ചൂടിനും ഇടയിൽ ഒരു മതിലായി പ്രവർത്തിക്കുകയും ചെയ്യുന്നു.ചിക്കനൊപ്പം പച്ചക്കറികളും പഴങ്ങളും ഇടകലർത്തി പാകം ചെയ്യുന്നതും നല്ലതാണ്.

ഗ്രിൽ വൃത്തിയാക്കുക

ഉപയോഗിക്കുന്നതിന് മുമ്പ് ഗ്രിൽ ശരിയായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. മുമ്പ് ചിക്കൻ ഗ്രിൽ ചെയ്യാനായി ഉപയോഗിച്ചപ്പോൾ അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന കരിയും മറ്റും കാൻസറിന് കാരണമായേക്കും. ചൂടാക്കുന്നതിന് മുമ്പ് ഗ്രില്ലിന്റെ എല്ലായിടത്തും എണ്ണ പുരട്ടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

ഇടക്കിടെ മറിച്ചുകൊടുക്കുക

ഇറച്ചി മസാല തേച്ച് ഗ്രില്ലിൽ വേവാൻ വെച്ച് നിശ്ചിത സമയത്തിന് ശേഷം എടുക്കുന്നതിന് പകരം ഇടക്കിടക്ക് മറിച്ചുകൊടുക്കുക. ഇത് ഭാഗത്തുനിന്നും തുല്യമായി വെന്തുവരാൻ സഹായിക്കും.ഇതിന് പുറമെ ഒരുഭാഗത്ത് മാത്രം മാംസം കത്തിക്കരിയുന്നത് ഒഴിവാക്കുകയും ചെയ്യും.

ഇറച്ചി നന്നായി വരിയുക

ചിക്കൻ ഗ്രില്ലിലേക്ക് മാറ്റുന്നതിന് മുമ്പ് കുറച്ച് സമയം മൈക്രോവേവ് ചെയ്യുക.ഇതുവഴി ചിക്കനിലെ സ്വാഭാവിക കൊഴുപ്പ് പുറത്തുപോകും. ഇത് കാൻസർ സാധ്യത കുറയ്ക്കും.ഇതിന് പുറമെ മാരിനേറ്റ് ചെയ്യുന്നതിനായി ഇറച്ചിക്കഷ്ണങ്ങൾ നന്നായി വരിഞ്ഞെടുക്കാൻ ശ്രമിക്കുക.  ഇത് പാകം ചെയ്യുന്ന സമയം കുറയ്ക്കും.  ഗ്രിൽ ചെയ്യുമ്പോൾ ഇറച്ചിയിലെ കൊഴുപ്പ് കൂടുതലായി തീയിൽ വീഴുന്നത് തടയാനും സഹായിക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News