തൈരിനൊപ്പം ഉള്ളി ചേർത്ത് കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം
തൈര് ശരീരത്തിന് തണുപ്പ് നൽകുമെങ്കിലും ഉള്ളി ചൂടാണ് നൽകുന്നത്
ഭക്ഷണത്തിനൊപ്പം തൈര് കൂട്ടി കഴിക്കാൻ ഇഷ്ടമുള്ളമുള്ളവരാണ് ഏറെപ്പേരും. നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ പാലുത്പന്നമാണ് തൈര്. ബിരിയാണിക്കൊപ്പവും ചോറിനൊപ്പമുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് തൈര് സാലഡ്, അഥവാ റൈത്ത. ഉള്ളിയും പച്ചമുളകും കറിവേപ്പിലയും തക്കാളിയും കക്കിരിയുമെല്ലാം ചേർത്താണ് ഈ തൈര് സാലഡ് ഉണ്ടാക്കാറ്. പലനാട്ടിലും പല പേരില്‍ അറിയപ്പെടുന്ന ഈ തൈര് വിഭവം കഴിക്കുമ്പോൾ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഉള്ളി ചേർത്ത് തൈര് കഴിക്കുന്നത് നല്ലതല്ലെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ആയുർവേദവിധി പ്രകാരം തൈരും ഉള്ളിയും വിരുദ്ധാഹാരമാണ്. തൈര് ശരീരത്തിന് തണുപ്പ് നൽകുമെങ്കിലും ഉള്ളി ചൂടാണ് നൽകുന്നത്. ഇവ രണ്ടും കൂടി കഴിക്കുന്നത് വാത-പിത്ത-കഫ ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് പറയുന്നത്.
ഇതിന് പുറമെ ദഹനക്കേട്, അസിഡിറ്റി, വയറുവീർക്കൽ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കും ഇത് കാരണമാകും. ചിലരിലാകട്ടെ വിരുദ്ധാഹാരം കഴിക്കുന്നത് ചർമ്മത്തിലെ അലർജികൾക്കും ചുണങ്ങ്, എക്‌സിമ, സോറിയാസിസ് എന്നിവയുൾപ്പെടെയുള്ളവയിലേക്ക് നയിക്കുമെന്നും ആയുർവേദം പറയുന്നു. ചില സന്ദർഭങ്ങളിൽ ഛർദ്ദിക്കും ഭക്ഷ്യവിഷബാധക്കും ഇത് കാരണമായേക്കും. അതേസമയം, ഉള്ളി ചെറുതായി ചൂടാക്കുകയോ എണ്ണയിൽ മൂപ്പിച്ചെടുത്തോ തൈരിൽ ചേർക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്.