ഒരു മണിക്കൂർ, കൂലി 1680 രൂപ, കൂടെ ലൈഫ് ഇൻഷുറൻസും; ഇങ്ങനെയും ഒരു ഹോട്ടൽ
മറ്റേണിറ്റി ലീവ്, പെൻഷൻ, ഓരോ വർഷവും ആറാഴ്ച ശമ്പളാവധി എന്നിവയും ഹോട്ടൽ വാഗ്ദാനം ചെയ്യുന്നു
ഒരു മണിക്കൂർ ജോലിക്ക് ഏകദേശം രണ്ടായിരം രൂപ കൂലി! അതൊക്കെ നടക്കുമോ എന്ന് ചോദിക്കാൻ വരട്ടെ. അങ്ങനെയൊരു ഹോട്ടലുണ്ട്, ഇവിടെ എവിടെയുമല്ല. അങ്ങ്, സ്‌കാൻഡിനേവിയൻ രാഷ്ട്രമായ ഡെന്മാർക്കില്‍. ബഹുരാഷ്ട്ര ഹോട്ടല്‍ ശൃംഖലയായ മക്‌ഡൊണാൾഡിലാണ് മണിക്കൂറിന് 22 ഡോളർ (1679 ഇന്ത്യൻ രൂപ) ശമ്പളം നൽകുന്നത്.
ശമ്പളം മാത്രമല്ല, മക്‌ഡൊണാൾഡിലെ ആകർഷണം. ജീവനക്കാർക്ക് ലൈഫ് ഇൻഷുറൻസ്, മറ്റേണിറ്റി ലീവ്, പെൻഷൻ, ഓരോ വർഷവും ആറാഴ്ച ശമ്പളാവധി എന്നിവയും ഹോട്ടൽ വാഗ്ദാനം ചെയ്യുന്നു.
ഡെന്മാർക്കിലെ മക്‌ഡൊണാൾഡിൽ ജോലി ചെയ്യുന്നവരിൽ മിക്കവരും പാർട് ടൈം ജീവനക്കാരാണ്. മണിക്കൂറിലെ 20-22 ഡോളറിന് പുറമേ, വാരാന്ത്യത്തിലും രാത്രികളിലും അവധി ദിനങ്ങളിലും ഡ്യൂട്ടിയിലുണ്ടായാൽ കൂടുതൽ കൂലിയും ലഭിക്കും. ഇരുപത് വയസ്സിന് മുകളിലുള്ള ജീവനക്കാർക്കാണ് പെൻഷൻ പദ്ധതിയിൽ അംഗത്വം ലഭിക്കുക.
മക്‌ഡൊണാൾഡിൽ മാത്രമല്ല, ജൂലൈ അവസാനത്തിൽ മിക്ക ഡാനിഷ് ഓഫീസുകളും സ്ഥാപനങ്ങളും അവധിയായിരിക്കും. ഡാനിഷ് തൊഴിൽ നിയമപ്രകാരം എല്ലാ ജീവനക്കാർക്കും അഞ്ചാഴ്ച ശമ്പളാവധി നൽകേണ്ടതുണ്ട്.
ഇങ്ങനെയൊക്കെയാണ് എങ്കിലും രാജ്യത്ത് മിനിമം വേതനം സർക്കാർ നിജപ്പെടുത്തിയിട്ടില്ല എന്നതാണ് കൗതുകകരം. എന്നാൽ രാജ്യത്തുടനീളം ശക്തമായ യൂണിയൻ സംവിധാനം നിലവിലുണ്ട്. കൂട്ടായ ലോബ്ബീയിങ്ങിലൂടെയാണ് യൂണിയനുകൾ ശമ്പളവും അവധിയും നിശ്ചയിക്കുന്നത്.
1981ലാണ് യുഎസ് കമ്പനിയായ മക്‌ഡൊണാൾഡ് ഡെന്മാർക്കിലെ ആദ്യ ഷോറൂം ആരംഭിച്ചത്. രാജ്യത്തെ യൂണിയൻ കരാറുകൾ പാലിക്കാതെയാണ് കമ്പനി ആദ്യവർഷം പ്രവർത്തനം നടത്തിയത്. എന്നാൽ 82ൽ തൊഴിൽ സംഘടനകളുടെ കടുത്ത സമ്മർദങ്ങളെ തുടർന്ന് ചട്ടങ്ങൾ പാലിക്കാൻ മക്‌ഡൊണാൾഡ് നിർബന്ധിതമാകുകയായിരുന്നു.