അച്ചപ്പവും ഉപ്പുമാവുമെല്ലാം ഇത്രക്ക് വെറുക്കപ്പെട്ടതായോ; നമ്മുടെ ഇഷ്ടവിഭവങ്ങള്‍ മോശം ഭക്ഷണപ്പട്ടികയില്‍, സമ്മതിച്ചുതരില്ലെന്ന് മലയാളികള്‍
ഏറ്റവും ജനപ്രിയമായതും ആളുകള്‍ വെറുക്കുന്നതുമായ ഭക്ഷണങ്ങളുടെ ലിസ്റ്റാണ് ടെസ്റ്റ് അറ്റ്‍ലസ് പുറത്തുവിട്ടിരിക്കുന്നത്
ഡല്‍ഹി: ഇന്ത്യന്‍ ഭക്ഷണങ്ങളുടെ പെരുമ ലോകമെങ്ങും കേള്‍വി കേട്ടതാണ്. നമ്മുടെ ഇഡ്ഡലിയും സാമ്പാറും അപ്പവും സ്റ്റൂവും കരീമിനും ബേല്‍പൂരിയുമെല്ലാം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാനെത്തുന്ന വിദേശികള്‍ നമ്മുടെ ഭക്ഷണങ്ങള്‍ക്ക് നല്‍കുന്നത് നൂറില്‍ നൂറ് മാര്‍ക്കാണ്. എന്നാല്‍ ജനപ്രിയ ട്രാവല്‍ ആന്‍ഡ് ഗൈഡ് പ്ലാറ്റ്ഫോമായ ടേസ്റ്റ് അറ്റ്‍ലസ് തയ്യാറാക്കിയ പട്ടികയില്‍ പല ദക്ഷിണേന്ത്യന്‍ വിഭവങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നത് മോശം ഭക്ഷണങ്ങളുടെ പട്ടികയിലാണ്.
ഏറ്റവും ജനപ്രിയമായതും ആളുകള്‍ വെറുക്കുന്നതുമായ ഭക്ഷണങ്ങളുടെ ലിസ്റ്റാണ് ടെസ്റ്റ് അറ്റ്‍ലസ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ മോശം വിഭവങ്ങളുടെ പട്ടികയിലാണ് കേരളത്തിന്‍റെ അച്ചപ്പവും തമിഴ്നാടിന്‍റെ ഉപ്പമാവുമുള്ളത്. ഏഴാം സ്ഥാനത്തുള്ള അച്ചപ്പത്തിന് 3.2 ആണ് റേറ്റിംഗ്. ഉപ്പുമാവ് പത്താം സ്ഥാനത്താണ്. 3.2 തന്നെയാണ് ഉപ്പുമാവിന്‍റെയും റേറ്റിംഗ്. ഉത്തരേന്ത്യയില്‍ നിന്നുള്ള ജനപ്രിയ പാനീയമായ ജല്‍ജീരയാണ് ലിസ്റ്റില്‍ ഒന്നാമത്. മറ്റൊരു ഉത്തരേന്ത്യന്‍ വിഭവമായ ഗജക്, ദക്ഷിണേന്ത്യന്‍ വിഭവമായ തേങ്ങാ സാദം, ആലു ബെയ്ങ്കന്‍,മാല്‍പ,മിര്‍ച്ചി കാ സാലന്‍ എന്നിവയാണ് മോശം ഭക്ഷണങ്ങളുടെ പട്ടികയിലുള്ള മറ്റ് ഇന്ത്യന്‍ വിഭവങ്ങള്‍.
ഇഷ്ടവിഭവങ്ങളുടെ ലിസ്റ്റില്‍ മാംഗോ ലസ്സിയാണ് ഒന്നാം സ്ഥാനത്ത്. മസാലച്ചായ, ബട്ടര്‍ ചിക്കന്‍, ഹൈദരാബാദി ബിരിയാണ് , ചോലെ ബട്ടൂര, തന്തൂരി ചിക്കന്‍ എന്നിവയാണ് ഈ ലിസ്റ്റിലുള്ള ഭക്ഷണങ്ങള്‍. നിരവധി പേരാണ് ഈ ഭക്ഷണപ്പട്ടികക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.ലഹരി ഉപയോഗിച്ചിട്ടാണോ ഈ ലിസ്റ്റ് ഉണ്ടാക്കിയതെന്നായിരുന്നു നെറ്റിസണ്‍സിന്‍റെ ചോദ്യം. മോശം പട്ടികയിലുള്ള ഭക്ഷണമാണ് ഏറ്റവും നല്ല ഭക്ഷണമെന്നും ചിലര്‍ കുറിച്ചു.