നാടന്‍ കുഴലപ്പം തയ്യാറാക്കുന്ന വിധം

കുഴലപ്പത്തില്‍ പഞ്ചസാര പിടിച്ചു കഴിഞ്ഞാല്‍ കുറച്ച് സമയം വായു കടക്കാത്ത പാത്രത്തിലിട്ടുവെക്കണം.

Update: 2021-06-04 09:01 GMT
Advertising

നമ്മുടെ വീട്ടിലുള്ള സാധാരണ ചേരുവകളാല്‍ എളുപ്പം തയ്യാറാക്കാന്‍ പറ്റുന്ന നാടന്‍ പലഹാരമാണ് കുഴലപ്പം. വലിയ മധുരവും എരിവും ഒന്നുമില്ലെങ്കിലും ഒരു പ്രത്യേക രുചി തന്നെയാണ് ഇവയ്ക്ക്, വെറുതെ കഴിക്കാനായാലും ചായയോടൊപ്പം കഴിക്കാനായാലും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണിത്.

കുഴലപ്പം തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍ : പച്ചരി - 1 കിലോ, പഞ്ചസാര - അര കിലോ, തേങ്ങാ - 2 എണ്ണം, ജീരകം - 2 ടീസ്പൂണ്‍, വെളുത്തുള്ളി - അര കപ്പ്, ചുവന്നുള്ളി - 1 കപ്പ്,

ഉഴുന്നു - 1 കപ്പ്, വെളിച്ചെണ്ണ - 250, ഉപ്പ് - 2 ടീസ്പൂണ്‍, മുട്ട-1 ഇത്രയും ചേരുവകള്‍ മാത്രം മതി ഈസി കുഴലപ്പം തയ്യാറാക്കുവാന്‍ നിങ്ങള്‍ ഉണ്ടാക്കുന്ന അളവിന് അനുസരിച്ച് ചേരുവകള്‍ എടുക്കുക

തയ്യാറാക്കുന്ന വിധം: കുതിര്‍ത്ത ഉഴുന്ന് കൈകൊണ്ട് ഞെക്കി തൊലികളഞ്ഞ് ആട്ടുകല്ലിലിട്ട് ആട്ടിയെടുക്കുക. വെളുത്തുള്ളിയും ചുവന്നുള്ളിയും ജീരകവും ചേര്‍ത്ത് അരച്ചെടുക്കണം. തേങ്ങ ചുരണ്ടി പിഴിഞ്ഞ് പാല്‍ എടുക്കുക. അതിനുശേഷം പിഴിഞ്ഞ തേങ്ങാ പീരയില്‍ വെള്ളം രണ്ടു തവണയൊഴിച്ച് പിഴിഞ്ഞ് പാല്‍ എടുക്കണം. അരിപൊടിച്ച് തെള്ളിയെടുത്ത് ഉരുളിയില്‍ ഇട്ട് വറക്കുക. നല്ലതുപോലെ അരിപ്പൊടി ചുവപ്പുനിറമായി മൂക്കുമ്പോള്‍ ഉള്ളിയും മറ്റും അരച്ചുവെച്ചിരിക്കുന്നത് മാവിലിട്ട് ഇളക്കുക. അതിനുശേഷം ഒന്നാം പാലും രണ്ടാം പാലും ചേര്‍ത്ത് ഇളക്കുക.

മാവ് തീക്കനലില്‍ കിടന്ന് വാടണം. അതിനുശേഷം പാത്രം അടുപ്പത്തു നിന്നും വാങ്ങി വച്ചിട്ട് കുറെ സമയം കൂടി കുഴക്കുക. ഒരു മുട്ട കൂടി ചേര്‍ക്കുന്നത് നല്ലതാണ്. വാഴയിലയില്‍ അല്‍പം എണ്ണ പുരട്ടുക. കുഴച്ചു വെച്ചിരിക്കുന്ന മാവ് ചെറിയ ഉണ്ടകളായി ഉരുട്ടി വാഴയിലയില്‍വെച്ച് മറ്റൊരില കൊണ്ട് മൂടി ഒരു പരന്നപാത്രം അതിന്മേല്‍ വെച്ച് അമര്‍ത്തിയാല്‍ പരന്നു കിട്ടുന്നു. ഇങ്ങനെ കനം കുറച്ചു പരത്തിയ മാവ് എടുത്ത് കൈവിരല്‍ കൊണ്ട് കുഴലുപോലെ ആക്കുക. എണ്ണ അടുപ്പത്തുവെച്ച് തിളക്കുമ്പോള്‍ കുഴലപ്പം എണ്ണയില്‍ ഇട്ട് വറുത്തെടുക്കുക.

പഞ്ചസാര വെള്ളത്തിലിട്ട് കലക്കി അടുപ്പത്തുവെച്ച് വറ്റിക്കണം. വിരലില്‍ എടുത്താല്‍ നൂല്‍പാകമാകുമ്പോള്‍ വാങ്ങിവെക്കുക. എണ്ണയില്‍ വറുത്തെടുത്ത കുഴലപ്പം പഞ്ചസാരയിലിട്ട് ഇളക്കുക. കുഴലപ്പത്തില്‍ പഞ്ചസാര പിടിച്ചു കഴിഞ്ഞാല്‍ കുറച്ച് സമയം വായു കടക്കാത്ത പാത്രത്തിലിട്ടുവെക്കണം.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News