ക്യാപ്റ്റനാക്കില്ലെന്ന് അറിഞ്ഞത് ഒന്നര മണിക്കൂർ മുന്‍പ്; ഏകദിന നായക സ്ഥാനത്ത് നിന്നും നീക്കിയതില്‍ അതൃപ്തി പരസ്യമാക്കി കോഹ്‍ലി

വിവാദങ്ങൾ എല്ലാം മാധ്യമ സൃഷ്ടിയാണെന്നും അതിനെപ്പറ്റി അവരോട് ചോദിക്കണമെന്നും കോഹ്‍ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Update: 2021-12-15 08:39 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയതിലെ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോഹ്‍ലി. ടീം സെലക്ഷന് ഒന്നര മണിക്കൂർ മുൻപ് മാത്രമാണ് നായകസ്ഥാനത്ത് നിന്ന് നീക്കുന്നതായി അറിയിച്ചത്. ടി 20 നായകസ്ഥാനം ഒഴിയരുതെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും കോഹ്‍ലി പറഞ്ഞു. അതേസമയം  ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ  കോഹ്‍ലി കളിക്കും. വിവാദങ്ങൾ എല്ലാം മാധ്യമ സൃഷ്ടിയാണെന്നും അതിനെപ്പറ്റി അവരോട് ചോദിക്കണമെന്നും കോഹ്‍ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോഹ്‍ലി.  പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും.

ബി.സി.സി.ഐയുമായി ഒരു തരത്തിലുള്ള ആശയവിനിമയം നടത്തിയിട്ടില്ലെന്നും ഇടവേള ആവശ്യപ്പെട്ടിട്ടില്ലെന്നും കോഹ്‍ലി പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ താനുണ്ടാകുമെന്നും കോഹ്‍ലി അറിയിച്ചു. ടി 20 നായകസ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ബി.സി.സി.ഐ അത് അംഗീകരിച്ചു. ടീമിനെ ശരിയായ ദിശയിലേക്ക് നയിക്കുക എന്നതാണ് എന്‍റെ ഉത്തരവാദിത്തം. രോഹിത് വളരെ കഴിവുള്ള ക്യാപ്റ്റനാണ്. മികച്ച മാനേജറാണ് രാഹുല്‍ ഭായ്. ഏകദിനത്തിലും ടി20യിലും അവർക്ക് എന്‍റെ 100 ശതമാനം പിന്തുണ ഉണ്ടാകും. ഞാനും രോഹിത് ശർമ്മയും തമ്മിൽ ഒരു പ്രശ്നവുമില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി താനിതു പറയുന്നുവെന്നും കോഹ്‍ലി വ്യക്തമാക്കി.

അപ്രതീക്ഷിതമായി ഏകദിന നായകത്വം നഷ്ടമായ കോഹ്‍ലി ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. ഒരു ട്വീറ്റിലൂടെയായിരുന്നു ബി.സി.സി.ഐ പുതിയ നായകനെ തീരുമാനിച്ചത്.  ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന മത്സരങ്ങളിൽ നിന്നും കോഹ്‍ലി അവധിയെടുക്കുന്നു എന്ന വാർത്തയും ഇന്നലെ പുറത്തു വന്നിരുന്നു. നായകസ്ഥാനം നഷ്ടമായതിലെ അതൃപ്തിയാണ് അവധിയപേക്ഷക്ക് പിന്നിലെന്നായിരുന്നു വിമർശകരുടെ പക്ഷം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News