ട്രാവിസ് ഹെഡിന് സെഞ്ച്വറി: ആസ്‌ട്രേലിയ ലക്ഷ്യത്തിലേക്ക് അടുക്കുന്നു
ഡേവിഡ് വാർണർ(7) മിച്ചൽ മാർഷ്. സ്റ്റീവ് സ്മിത്ത് എന്നിവരാണ് പുറത്തായത്
അഹ്മദാബാദ്: അഹമ്മദാബാദ്: ട്രാവിസ് ഹെഡ് നേടിയ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ വിജയലക്ഷ്യത്തിലേക്ക് അടുത്ത് ആസ്‌ട്രേലിയ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ(34 ഓവർ) ആസ്‌ട്രേലിയ 185ന് മൂന്ന് എന്ന നിലയിലാണ്. ട്രാവിസ് ഹെഡ്(100) മാർനസ് ലബുഷെയിൻ(41) എന്നിവരാണ് ക്രീസിൽ. ആസ്‌ട്രേലിയക്ക് ജയിക്കാൻ ഇനി 56 റൺസ് മതി.
.......
തുടക്കത്തിലെ തകർച്ചക്ക് ശേഷം കരകയറി ആസ്‌ട്രേലിയ. 23 ഓവർ പിന്നിടുമ്പോൾ ആസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിലാണ്. ട്രാവിസ് ഹെഡ് അർദ്ധ സെഞ്ച്വറി നേടി. ഹെഡിന് കൂട്ടായി(54) മാർനസ് ലബുഷെയിൻ ആണ്(25) ക്രീസിൽ. ഇരുവരുടെയും കൂട്ടുകെട്ട് 79 പിന്നിട്ടു.
.......
ചെറിയ സ്‌കോർ ലക്ഷ്യമിട്ടിറങ്ങിയ ആസ്‌ട്രേലിയയ്ക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടം. ഡേവിഡ് വാർണർ(7) മിച്ചൽ മാർഷ്. സ്റ്റീവ് സ്മിത്ത് എന്നിവരാണ് പുറത്തായത്. മിച്ചൽ മാർഷിന്റെ വിക്കറ്റ് ജസ്പ്രീത് ബംറക്കാണ്. 15 റൺസെടുത്ത മാർഷിനെ വിക്കറ്റ് കീപ്പർ ലോകേഷ് രാഹുൽ പിടികൂടുകയായിരുന്നു.
ഡേവിഡ് വാർണറെ സ്ലിപ്പിൽ വിരാട് കോഹ്ലിയുടെ കൈയിലെത്തിച്ചാണ് ഷമിയുടെ ആദ്യ പ്രഹരം. പിന്നാലെ മാര്‍ഷും മടങ്ങി. സ്മിത്തിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. നാല് റണ്‍സാണ് സ്മിത്ത് നേടിയത്.
മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ മികച്ചൊരു ക്യാച്ച് അവസരം സ്ലിപ്പിൽ വിരാട് കോഹ്ലിക്കും ശുഭ്മൻ ഗില്ലിനും ഇടയിലൂടെ ചോർന്ന് ബൗണ്ടറിയിലേക്കു പാഞ്ഞു. തൊട്ടടുത്ത പന്ത് ഗ്യാപ്പ് കണ്ടെത്തി ബൗണ്ടറിയിലേക്കു പറത്തിയെങ്കിലും ജഡേജയുടെ ഫീൽഡിങ് മികവിൽ മൂന്ന് റൺസിലൊതുങ്ങി. ട്രാവിസ് ഹെഡിന്റെ മനോഹരമായ രണ്ട് ബൗണ്ടറികൾ കൂടെ കണ്ട ഓവറിൽ പിറന്നത് 16 റൺസ്.
ഷമി പന്തെടുത്തതോടെ കളി മാറി. രണ്ടാം പന്തിൽ ബാറ്റിൽ എഡ്ജായി വാർണർ സ്ലിപ്പിൽ കോഹ്ലിയുടെ കൈയിലൊതുങ്ങുമ്പോൾ ഗാലറി ആർത്തിരമ്പി. 2.2 ഓവറിൽ ആസ്‌ട്രേലിയ ഒന്നിന് 16.
****
നേരത്തെ, ടൂര്‍ണമെന്‍റിലുടനീളം തുടര്‍ന്ന ബാറ്റിങ് മേധാവിത്വം കലാശപ്പോരാട്ടത്തില്‍ കൈവിട്ട് ടീം ഇന്ത്യ. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ പാറ്റ് കമ്മിൻസിന്‍റെയും സംഘത്തിന്‍റെയും ബൗളിങ് ടാക്ടിക്‌സിൽ കളിമറന്ന് ബാറ്റര്‍മാരെല്ലാം ഇടറിവീണപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 240ല്‍ ഒതുങ്ങി. നായകൻ രോഹിത് ശർമ നൽകിയ മികച്ച തുടക്കം മുതലെടുക്കാനാകാതെ ബാക്കി ബാറ്റര്‍മാരെല്ലാം തപ്പിത്തടയുന്ന കാഴ്ചയായിരുന്നു ഇന്ന്. ഒരുപക്ഷെ 2003ന്‍റെ ഒാര്‍മകള്‍ ഇപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ മനസിലേക്ക് വീണ്ടുമൊരു ആശങ്കയായി തിരിച്ചെത്തിക്കാണുമെന്നുറപ്പ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് പേസ് നിരയിലാണിനി 140 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളത്രയും.
വെടിക്കെട്ട് ബാറ്റിങ്ങുമായി അര്‍ധ സെഞ്ച്വറിക്കു തൊട്ടരികെ പതിവുപോലെ രോഹിത് ശർമ(47) വീണതായിരുന്നു മത്സരത്തിലെ ഏറ്റവും നിർണായകമായ നിമിഷം. ശുഭ്മൻ ഗില്ലും(നാല്) ശ്രേയസ് അയ്യരും(നാല്) രവീന്ദ്ര ജഡേജയും(ഒൻപത്) ഫൈനൽ സമ്മർദത്തിനൊത്തുയരാനാകാതെ കൂടാരം കയറഇയപ്പോൾ വിരാട് കോഹ്ലിയും കെ.എൽ രാഹുലും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽനിന്നു രക്ഷിച്ചത്. കോഹ്ലി 54 റൺസുമായും രാഹുൽ 66 റൺസുമായും പുറത്തായി.
അപരാജിതക്കുതിപ്പുമായി ഫൈനലിലെത്തിയ ഇന്ത്യക്ക് കലാശപ്പോരില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായത്. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിറഞ്ഞാടിയ രോഹിത് ശർമയുടെ തകര്‍പ്പന്‍ ഇന്നിങ്സ് ഗ്ലെന്‍ മാക്സ്വെല്ലാണ് അവസാനിപ്പിച്ചത്. തുടരെ സെഞ്ച്വറികളുമായി ഫോമിലുള്ള ശ്രേയസ് അയ്യരെ പാറ്റ് കമ്മിന്‍സും പുറത്താക്കി.
ഫോമിലുള്ള യുവതാരം ശുഭ്മൻ ഗിൽ അഞ്ചാം ഓവറിലാണ് വെറും നാലു റൺസുമായി പുറത്തായത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ മിഡോണിൽ ആദം സാംപയ്ക്ക് അനായാസ ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. പത്താം ഓവറിൽ ക്രീസ് വിട്ടിറങ്ങി മാക്‌സ്‌വെല്ലിനെ മർദിച്ച രോഹിതിന് നാലാം പന്തിൽ ഉന്നം പിഴച്ചു. ലക്ഷ്യം തെറ്റിയ ഷോട്ട് കിടിലൻ ക്യാച്ചിലൂടെ ട്രാവിസ് ഹെഡ് കൈയിലൊതുക്കിയപ്പോൾ ഗാലറി നിശബ്ദം. 31 പന്ത് നേരിട്ട് 47 റൺസുമായി തന്റെ റോൾ കൃത്യമായി നിർവഹിച്ച് രോഹിത് മടങ്ങി. നാല് ഫോറും മൂന്ന് സിക്‌സറുമാണ് രോഹിത് അടിച്ചെടുത്തത്. തൊട്ടുപിന്നാലെ കമ്മിൻസിന്റെ വക ഇന്ത്യയ്ക്ക് മൂന്നാമത്തെ ഷോക്ക് ട്രീറ്റ്‌മെന്റ്. ശ്രേയസ് അയ്യർ വിക്കറ്റിനു പിന്നിൽ ഇംഗ്ലിനു ക്യാച്ച് ന്നൽകി മടങ്ങുമ്പോൾ ഇന്ത്യ മൂന്നിന് 83.
മത്സരത്തിലെ ആദ്യ പന്തിൽ തന്നെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽനിന്നു തലനാരിഴയ്ക്കാണ് ക്യാപ്റ്റൻ രോഹിത് ശർമ രക്ഷപ്പെട്ടത്. ആദ്യ ഓവർ പിന്നിട്ടതോടെ ലോകകപ്പിലെ പതിവുറോളിലേക്കു രോഹിത് മാറി. ഹേസൽവുഡിനെ തുടരെ രണ്ട് ബൗണ്ടറികൾ പറത്തി ആസ്‌ട്രേലിയയ്ക്ക് സൂചന നൽകി. സ്റ്റാർക്കിന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽനിന്നും വലിയൊരു അപകടമൊഴിഞ്ഞ ആശ്വാസത്തിലായിരുന്നു ഇന്ത്യൻ ആരാധകർ. ബാറ്റിൽ എഡ്ജായി പോയ പന്ത് ഫസ്റ്റ് സ്ലിപ്പിനും വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിനും ഇടയിലാണു വീണത്. പിന്നീട് സ്റ്റാർക്കിനെ ബഹുമാനിച്ച് ഹേസൽവുഡിനെ ആക്രമിച്ചു കളിക്കുകയായിരുന്നു രോഹിത്. തൊട്ടടുത്ത ഓവറിൽ ഹേസൽവുഡിനെ അടുത്തടുത്ത പന്തുകളിൽ സിക്‌സും ഫോറും പറത്തി വീണ്ടും രോഹിതിന്റെ വിളയാട്ടം. ഗാലറിയിൽ ഇന്ത്യൻ ആരാധകരുടെ നിലക്കാത്ത കരഘോഷം.
അഞ്ചാം ഓവറിൽ ശുഭ്മൻ ഗില്ലിനെ വീഴ്ത്തി സ്റ്റാർക്കിന്റെ വക ആസ്‌ട്രേലിയയ്ക്ക് ആദ്യ ബ്രേക്ത്രൂ. അഭിമാനപോരാട്ടത്തിൽ തലതാഴ്ത്തി ഗിൽ മടങ്ങുമ്പോൾ ഇന്ത്യ 4.2 പന്തിൽ 30. പതിനായിരങ്ങളുടെ ആരവങ്ങളുടെ നടുവിലേക്കു വിരാട് കോഹ്ലി. ഇതേ ഓവറിൽ സ്റ്റാർക്കിന്റെ ഹാഫ് വോളി ഗാലറിയിലേക്കു പറത്തി ഓസീസ് പേസറുടെ മനോവീര്യം കെടുത്താൻ ഇന്ത്യൻ നായകന്റെ നീക്കം.
സ്റ്റാർക്കിന്റെ അടുത്ത ഓവറിൽ തുടരെ മൂന്ന് പന്തുകൾ ബൗണ്ടറി കടത്തി കോഹ്ലി വരവറിയിച്ചു. ആദ്യത്തെ ബൗണ്ടറി കൃത്യമായി മിഡിൽ ചെയ്തായിരുന്നില്ലെങ്കിലും ക്ലാസും ടൈമും ഒത്തൊരുമിച്ച അതിമനോഹര ഷോട്ടുകളാണ് അടുത്ത രണ്ടു പന്തിലും ഗ്രൗണ്ടിലൂടെ പാഞ്ഞത്. ഏഴാമത്തെ ഓവറിൽ ഇന്ത്യൻ സ്‌കോർ 50 കടന്നു.
ഗ്ലെൻ മാക്‌സ്‌വെല്ലിനെ നേരത്തെ ഇറക്കി സ്പിൻ പരീക്ഷണത്തിലൂടെ രോഹിത് അശ്വമേധം പിടിച്ചുകെട്ടാൻ ഓസീസ് നായകന്റെ നീക്കം. ക്രീസ് വിട്ടിറങ്ങി ഗാലറിയിലേക്കു പറത്തിയായിരുന്നു രോഹിതിന്റെ മറുപടി. തൊട്ടടുത്ത പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് മുറിവിൽ എരിവു പുരട്ടി. എന്നാൽ, തൊട്ടടുത്ത പന്തിൽ മാക്‌സിയുടെ മറുപടി. വീണ്ടും ഗാലറിയിലേക്കു പറത്താനുള്ള നീക്കം ഹെഡിന്റെ മനോഹരമായൊരു ക്യാച്ചിൽ അവസാനിച്ചു. ഏറെ വാര പിന്നിലേക്കോടി ഹെഡ് എടുത്ത ആ ക്യാച്ച് ഒരുപക്ഷെ ഈ മത്സരത്തിലെ ടേണിങ് പോലുമായേക്കാം. ആസ്ട്രേലിയന്‍ ആരാധകരെല്ലാം അലറിവിളിച്ച നിമിഷം. കങ്കാരുക്കളുടെ മിഷൻ രോഹിത് കംപ്ലീറ്റ്.
എന്നാൽ, അവിടംകൊണ്ടും അവസാനിച്ചിരുന്നില്ല. തൊട്ടടുത്ത ഓവറിൽ അയ്യരെ തിരിച്ചയച്ച് കമ്മിൻസും ആക്രമണത്തിനു തുടക്കമിട്ടു. ബാക്ക് ഓഫ് ലെങ്ത് പന്തിൽ കണക്കുപിഴച്ച് ബാറ്റുവച്ചു അയ്യർ. വിക്കറ്റിനു പിന്നിൽ ഇംഗ്ലിസിന്റെ കൈയിൽ ഭദ്രം.
അതുവരെയും ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന് വമ്പൻ സ്‌കോറിലേക്കു കുതിച്ച ഇന്ത്യ പതുക്കെ ബാക്ക്ഫൂട്ടിലേക്കു പിൻവാങ്ങുന്ന രംഗമാണു പിന്നീട് കണ്ടത്. ആദം സാംപ കൂടി പന്തെടുത്തതോടെ കോഹ്ലിയും കെ.എൽ രാഹുലും സിംഗിളുകളുമായി പ്രതിരോധത്തിലേക്കാണ്ടു. അധികം വലിയ ഷോട്ടുകള്‍ക്കു മുതിരാതെ ബുദ്ധിപൂര്‍വം ഇന്നിങ്സ് മുന്നോട്ടുനയിച്ചു കോഹ്ലി.
വലിയ ഇന്നിങ്സ് ലക്ഷ്യമിട്ട് കളിച്ച വിരാട് കോഹ്ലി ഒടുവില്‍ പാറ്റ് കമ്മിങ്സിന്‍റെ പന്തില്‍ പുറത്തായി. ആദ്യ മൂന്നു വിക്കറ്റ് വീണ ശേഷം നങ്കൂരമിട്ടു കളിച്ച കോഹ്‌ലി 63 പന്തിൽനിന്ന് 54 റൺസാണ് സ്വന്തമാക്കിയത്. നാലു ഫോറുകൾ സഹിതമായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. മധ്യനിരയില്‍ കോഹ്ലിയുടെയും രാഹുലിന്‍റെയും പാര്‍ടണര്‍ഷിപ്പാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ നിര്‍ണായകമായത്.
രവീന്ദ്ര ജഡേജയും(ഒൻപത്) മുഹമ്മദ് ഷമിയും(ആറ്), ജസ്പ്രീത് ബുംറയു(ഒന്ന്) ഒന്നും ചെയ്യാനാകാതെ വന്ന വഴിയേ മടങ്ങിയപ്പോൾ വാലറ്റത്തിൽ സൂര്യകുമാർ യാദവിനും(18) ഒന്നും ചെയ്യാനാകാതെ പകച്ചുനിൽക്കേണ്ടിവന്നു.
ഓസീസ് ബൗളർമാരിൽ എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു. മുൻനിരയെ തുടക്കത്തിലേ പുറത്താക്കി ഇന്ത്യൻ തകർച്ചയ്ക്കു തുടക്കമിട്ട മിച്ചൽ സ്റ്റാർക്ക്(മൂന്ന്) വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ. ഹേസൽവുഡിനും കമ്മിൻസിനും രണ്ടു വിക്കറ്റ് വീതവും മാക്‌സ്‌വെല്ലിനും സാംപയ്ക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
ടോസ് ഭാഗ്യം ഓസീസിന്
ടോസ് നേടിയ ആസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമിയിൽ കളിച്ച അതേ സംഘത്തെ ഇരുടീമുകളും നിലനിർത്തി. ടൂർണമെന്റിൽ തകർപ്പൻ ഫോമിലുള്ള ഇന്ത്യ ഇതുവരെ കളിച്ച പത്ത് മത്സരവും ജയിച്ച് ആധികാരികമായാണ് ഫൈനലിലെത്തിയത്. ഓസീസ് ലീഗ് റൗണ്ടിൽ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റു. അതേ ദക്ഷിണാഫ്രിക്കയെ സെമിയിൽ തകർത്താണ് ഓസീസിന്റെ ഫൈനൽ പ്രവേശം.
നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ അഞ്ചാം നമ്പർ പിച്ചാണ് മത്സരത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഉപയോഗിച്ച വിക്കറ്റാണിത്. കളിയിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 42.5 ഓവറിൽ 191 റൺസിന് എല്ലാവരും പുറത്തായിരുന്നു. 30.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു.
2003ലാണ് ഇതിന് മുമ്പ് ഇന്ത്യയും ഓസീസും ഏകദിന ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് ഓസീസിനായിരുന്നു ജയം.
ഇന്ത്യൻ ഇലവൻ ഇങ്ങനെ;
ബാറ്റിങ്
ഓപണിങ്ങിൽ രോഹിത് ശർമ്മയും ശുഭ്മൻ ഗില്ലും തന്നെ. രണ്ടു പേരും തകർപ്പൻ ഫോമിൽ. ആദ്യ പത്തോവറിൽ അടിച്ചു തകർത്ത് സ്‌കോർ ഉയർത്തുക എന്നതു തന്നെയാണ് ഇരുവരുടെയും ഉത്തരവാദിത്വം. ക്യാപ്റ്റൻസി കൈയിലുണ്ടായിട്ടും രോഹിത് നിർഭയം ബാറ്റു വീശുന്നു എന്നത് എടുത്തു പറയേണ്ടതാണ്. സെമിയിൽ രോഹിതിന്റെ തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് കളിയിൽ മേധാവിത്വം നൽകിയത്. പതിയെ തുടങ്ങുന്ന ഗില്ലിൽ നിന്ന് വലിയ ഇന്നിങ്‌സ് ഇന്ത്യ പ്രതീക്ഷിക്കുന്നു.
പത്തു കളിയിൽ നിന്ന് ഇന്ത്യൻ നായകൻ ഇതുവരെ അടിച്ചു കൂട്ടിയത് 550 റൺസ്. സ്‌ട്രൈക്ക് റേറ്റ് 124.15. എട്ടു മത്സരങ്ങളിൽനിന്ന് ഗില്ലിന്റെ സമ്പാദ്യം 350 റൺസ്. ശരാശരി 50. ഇരുവരും ചേർന്ന് ടൂർണമെന്റിൽ ഏഴ് അർധസെഞ്ച്വറി കൂട്ടുകെട്ടും ഒരു സെഞ്ച്വറി പാട്ണർഷിപ്പും ഉണ്ടാക്കിയിട്ടുണ്ട്.
മധ്യനിരയിലും ശുഭമാണ് കാര്യങ്ങൾ. കോഹ്‌ലി ഇത്ര ഫോമിൽ കളിച്ച മറ്റൊരു ടൂർണമെന്റ് ഉണ്ടായിട്ടില്ല. പത്തു കളിയിൽനിന്ന് എട്ടു തവണയാണ് താരം അർധസെഞ്ച്വറി പിന്നിട്ടത്. ന്യൂസിലാൻഡിനെതിരെ നേടിയത് ടൂർണമെന്റിലെ മൂന്നാം സെഞ്ച്വറി. ഇതുവരെ ഇതിഹാസ താരം അടിച്ചുകൂട്ടിയത് 711 റൺസ്. ശരാശരി 101.57. ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന ഒരുപിടി റെക്കോഡുകളും കോഹ്‌ലിക്ക് സ്വന്തം.
നാലാം നമ്പറിലിറങ്ങുന്ന ശ്രേയസ് അയ്യരും മിന്നും ഫോമിലാണ്. കഴിഞ്ഞ നാലു കളിയിൽ അയ്യരുടെ സ്‌കോർ ഇങ്ങനെ; 105, 128, 77, 82. സെമിയിൽ അവസാന ഓവറുകളിൽ താരം തകർത്തു കളിച്ചതാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.
വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം നടത്തുന്ന ബാറ്റർ കെഎൽ രാഹുൽ ഇതുവരെ 15 ക്യാച്ചും ഒരു സ്റ്റംപിങ്ങുമാണ് നടത്തിയിട്ടുള്ളത്. 77.20 ശരാശരിയിൽ അടിച്ചുകൂട്ടിയത് 386 റൺസ്. കാര്യമായ അവസരം ലഭിക്കാത്ത ആറാമൻ സൂര്യകുമാർ യാദവ് ആറ് മത്സരങ്ങളിൽനിന്ന് 88 റൺസാണ് സ്‌കോർ ചെയ്തിട്ടുള്ളത്.
ബൗളിങ്, ഫീൽഡിങ്, ബാറ്റിങ്... ഒരു ഓൾ റൗണ്ടറുടെ സമ്പൂർണ പാക്കേജാണ് രവീന്ദ്ര ജഡേജ. പത്തു കളിയിൽ ജഡേജ വീഴ്ത്തിയത് 16 വിക്കറ്റ്. ഇകോണമി 4.25. ഫീൽഡിൽ ജഡേജയുടെ സാന്നിധ്യം തന്നെ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്.
പിച്ചിന്റെ സ്വഭാവവും ആസ്‌ട്രേലിയയുടെ കരുത്തും പരിഗണിക്കുമ്പോൾ വെറ്ററൻ സ്പിന്നറായ ആർ അശ്വിന് അവസരം നൽകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും സെമിയിലെ അതേ ടീമിനെ നില നിർത്താനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.
ബൗളിങ്
മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് ത്രയം ടൂർണമെന്റിൽ ഇതുവരെ തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പവർ പ്ലേയിൽ ബുംറയും സിറാജും നിർണായകമാണ്. ടൂർണമെന്റിൽ ഇതുവരെ ഇരുവരും നേടിയത് 31 വിക്കറ്റ്.
ആറു മത്സരത്തിൽ നിന്ന് 23 വിക്കറ്റ് വീഴ്ത്തിയ ഷമി കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണുള്ളത്. മൂന്നു തവണയാണ് ഷമി അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. സെമിയിൽ ന്യൂസിലാൻഡിനെതിരെ 57 റൺസ് വഴങ്ങി ഏഴു വിക്കറ്റാണ് ഇന്ത്യൻ പേസർ നേടിയത്.
റൺസ് വഴങ്ങുന്നതിൽ പിശുക്കനായ കുൽദീപ് യാദവിന്റെ ഇകോണമി 4.32 ആണ്. 15 വിക്കറ്റാണ് ഇടങ്കയ്യൻ സ്പിന്നിൽ സ്വന്തമാക്കിയിട്ടുള്ളത്.
ടീം ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
ടീം ആസ്‌ട്രേലിയ: ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മിച്ച് മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷൈനെ, ഗ്ലെൻ മാക്‌സ്‌വെൽ, ജോഷ് ഇൻഗ്ലിസ്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്, ജോഷ് ഹാസൽവുഡ്, ആഡം സാംബ.
Summary: India vs Australia Live Score, World Cup 2023 Final