വനത്തിലൂടെ 100 കിലോമീറ്റർ വേഗതയിൽ രണ്ടര മണിക്കൂർ കൊണ്ട് ഡൽഹിയിൽ നിന്ന് ഡെറാഡൂണിൽ; പുതിയ ഇടനാഴിയെ കുറിച്ച് 10 കാര്യങ്ങൾ
പാതയിൽ ടോൾ പിരിവുണ്ടെങ്കിലും സഞ്ചരിച്ച ദൂരത്തിന് മാത്രം ടോൾ നൽകേണ്ട സംവിധാനമാണ് ഏർപ്പെടുത്തുക. ഇതിന് വേണ്ടി പാതയിൽ നിന്ന് പുറത്തു കടക്കാനും കയറാനും കഴിയുന്ന ഏഴ് സ്ഥലങ്ങളിൽ ടോൾ പ്ലാസകൾ ക്രമീകരിക്കും.
ഇന്ന് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയ ഡൽഹി-മുതൽ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ വരെയുള്ള എക്‌സ്പ്രസ് വേ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ്.
18,000 കോടിയാണ് ആകെ നിർമാണച്ചെലവുള്ള പ്രോജക്ടിന്റെ പത്ത് പ്രേത്യേകതകൾ എന്താണെന്ന് നോക്കാം.
1. പുതിയ ഇടനാഴി വഴി ഡൽഹിയും ഡെറാഡൂണും തമ്മിലുള്ള ദൂരത്തിൽ 25 കിലോമീറ്റർ കുറവ് വരുത്തും. 210 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. നൂറ് കിലോമീറ്റർ വരെ വേഗതയിൽ വരെ വാഹനങ്ങൾക്ക് കുതിക്കാൻ കഴിയുന്ന പാത വഴി രണ്ടര മണിക്കൂർ കൊണ്ട് ഡൽഹിയിൽ നിന്ന് ഡെറാഡൂണിലെത്താം.
2. വനത്തിലൂടെ പോകുന്ന എലവേറ്റഡ് ഹൈവേകളിൽ ഏഷ്യയിൽ ഏറ്റവും നീളം കൂടിയ പാതയാണിത്. ഈ പാതയിൽ 12 കിലോമീറ്ററാണ് വനത്തിനുള്ളിലൂടെ കടന്നുപോകുന്നത്. കൂടാതെ വനനശീകരണം പരമാവധി കുറയ്ക്കാനായി 340 മീറ്റർ നീളമുള്ള ടണലും പാതയിലുണ്ട്. വന്യമൃഗങ്ങൾക്ക് റോഡ് മുറിച്ചു കടക്കാനായുള്ള വഴികളും പദ്ധതിയുടെ ഭാഗമാണ്.
3. ഓരോ 30 കിലോമീറ്ററിലും യാത്രക്കാർക്ക് വിശ്രമിക്കാനായുള്ള സൗകര്യങ്ങളും കച്ചവട സ്ഥാപനങ്ങളും നിർമിക്കും.
4. പാതയിൽ ടോൾ പിരിവുണ്ടെങ്കിലും സഞ്ചരിച്ച ദൂരത്തിന് മാത്രം ടോൾ നൽകേണ്ട സംവിധാനമാണ് ഏർപ്പെടുത്തുക. ഇതിന് വേണ്ടി പാതയിൽ നിന്ന് പുറത്തു കടക്കാനും കയറാനും കഴിയുന്ന ഏഴ് സ്ഥലങ്ങളിൽ ടോൾ പ്ലാസകൾ ക്രമീകരിക്കും.
5. പാതയിലെ ഓരോ 500 മീറ്ററിലും മഴവെള്ളം സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും. കൂടാതെ 400 വാട്ടർ റീചാർജ് സംവിധാനങ്ങളുമുണ്ടാകും.
6. പാതയുടെ നിർമാണത്തിന് മാത്രമായി 8,300 കോടി രൂപയാണ് ചെലവ്. നാലുഭാഗങ്ങളായാണ് പാതയുടെ നിർമാണം.
7. ആദ്യ ഭാഗം ആരംഭിക്കുന്നത് ഡൽഹിയിൽ നിന്നാണ്. 6 വരികളുടെ ഈ ഭാഗത്ത് സർവീസ് റോഡുമുണ്ടാകും.
8. രണ്ടാം ഭാഗം ഭാഗ്പത് ജില്ലയിൽ നിന്നാണ് ആരംഭിക്കുന്നത്. ഈ ഭാഗത്തിന്റെ ഡിപിആർ പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ച് കഴിഞ്ഞു.
9. ഷരൺപൂരിൽ നിന്ന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ നാല് വരികൾ നിലവിൽ നാഷണൽ ഹൈവേ അതോറിറ്റി പൂർത്തിയാക്കി കഴിഞ്ഞു.
10. നാലാം ഘട്ടമാണ് വനത്തിലൂടെ കടന്നുപോകുന്നത്. വനത്തിലൂടെയുള്ള 12 കിലോമീറ്റർ നീളമുള്ള എലവേറ്റഡ് ഹൈവേയും 340 മീറ്റർ ടണലും ഈ ഭാഗത്താണ്.