മഹാരാഷ്ട്രയില്‍ 13ഉം പഞ്ചാബിൽ മൂന്നും താപവൈദ്യുത നിലയങ്ങൾ അടച്ചുപൂട്ടി; രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്
രാജ്യതലസ്ഥാനമായ ഡൽഹിയും ആന്ധ്രാപ്രദേശും രാജസ്ഥാനും തമിഴ്‌നാടുമെല്ലാം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. രാജ്യവ്യാപകമായുള്ള കൽക്കരി പ്രതിസന്ധി കേരളത്തെയും ബാധിച്ചേക്കുമെന്ന മുന്നറിയിപ്പ് സംസ്ഥാന വൈദ്യുതി വകുപ്പും നൽകിക്കഴിഞ്ഞു
കൽക്കരി ക്ഷാമത്തെത്തുടർന്ന് 13 താപവൈദ്യുത നിലയങ്ങളാണ് മഹാരാഷ്ട്രയിൽ പൂട്ടിയത്. പഞ്ചാബിൽ മൂന്ന് നിലയങ്ങളും പ്രവർത്തനം നിർത്തി. രാജ്യതലസ്ഥാനമായ ഡൽഹിയും ആന്ധ്രാപ്രദേശും രാജസ്ഥാനും തമിഴ്‌നാടുമെല്ലാം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. രാജ്യവ്യാപകമായുള്ള കൽക്കരി പ്രതിസന്ധി കേരളത്തെയും ബാധിച്ചേക്കുമെന്ന മുന്നറിയിപ്പ് സംസ്ഥാന വൈദ്യുതി വകുപ്പും നൽകിക്കഴിഞ്ഞു.
കടുത്ത പ്രതിസന്ധിയിൽ മഹാരാഷ്ട്ര
വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കാൻ ഇന്ന് മഹാരാഷ്ട്രാ സർക്കാർ ജനങ്ങൾക്ക് കർശനനിർദേശം നൽകിക്കഴിഞ്ഞിട്ടുണ്ട്. കടുത്ത കൽക്കരി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ വൈദ്യുതോത്പാദനം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 3,330 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരിക്കുന്നതെന്നാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ(എംഎസ്ഇഡിസിഎൽ) അറിയിച്ചത്.
വിവിധ മേഖലകളിലുള്ള 13 താപവൈദ്യുത നിലയങ്ങൾ താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. മഹാരാഷ്ട്രയ്ക്ക് ആവശ്യമായ വൈദ്യുതിയുടെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് താപവൈദ്യുത നിലയങ്ങളിൽനിന്നാണ്. ഇതിൽ വലിയൊരു ശതമാനവും പ്രതിസന്ധിയിലായതോടെ താൽക്കാലികമായി മറ്റു വൈദ്യുതമാർഗങ്ങൾ തേടുകയാണ് മഹാരാഷ്ട്ര സർക്കാർ.
തൽക്കാലത്തിന് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ടെന്ന നിലപാടിലാണ് സർക്കാർ. വൈദ്യുതി ഉപയോഗം കൂടുന്ന രാവിലെയും രാത്രിയും ആറുമുതൽ പത്തുവരെ സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പവർകട്ടുമായി പഞ്ചാബ്
കൽക്കരിക്ഷാമം മൂലം പഞ്ചാബിൽ മൂന്ന് പ്രധാന താപവൈദ്യുതി നിലയങ്ങൾ അടച്ചുപൂട്ടിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ചരൺജീത്ത് സിങ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തരമായി സംസ്ഥാനത്തിനുള്ള കൽക്കരി വിതരണം കൂട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട് പഞ്ചാബ് ഭരണകൂടം. വൈദ്യുതി പ്രതിസന്ധി ഉടലെടുത്തതോടെ വിവിധ ഘട്ടങ്ങളായി പവർകട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
5,620 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തെ താപവൈദ്യുത നിലയങ്ങളിലെ മൊത്തം വൈദ്യുത ഉത്പാദനശേഷി. പുതിയ പ്രതിസന്ധിയോടെ അത് 2,800 മെഗാവാട്ടായി കുത്തനെ കുറഞ്ഞിട്ടുണ്ട്. നിലവിൽ മൂന്നോ നാലോ ദിവസത്തേക്ക് ആവശ്യമായ വൈദ്യുതിയേ നിലവിൽ സംസ്ഥാനത്തെ നിലയങ്ങളിലുള്ളൂവെന്നാണ് വിവരം.
സ്വകാര്യ കമ്പനികളിൽനിന്നാണ് ഇപ്പോൾ പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷൻ ലിമിറ്റഡ്(പിഎസ്പിസിഎൽ) വൈദ്യുതി വാങ്ങുന്നത്. അയൽസംസ്ഥാനങ്ങളെയും ആശ്രയിക്കുന്നുണ്ട്. ഇത് സർക്കാരിന് ഭീമൻ ചെലവാണുണ്ടാക്കുന്നത്. ഇതോടെയാണ് പവർകട്ട് അടക്കമുള്ള കടുത്ത നടപടികളിലേക്ക് പഞ്ചാബ് നീങ്ങിയത്. മൂന്നു മുതൽ ആറു മണിക്കൂർ വരെ പലയിടങ്ങളിലും പവർകട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നറിയിപ്പുമായി ഡൽഹി
തലസ്ഥാനമായ ഡൽഹി ഇടവിട്ടുള്ള ലോഡ് ഷെഡ്ഡിങ്ങിലേക്കു പോകുമെന്നാണ് ടാറ്റ പവർ ഡൽഹി ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ്(ടിപിഡിഡിഎൽ) അറിയിച്ചിട്ടുള്ളത്. നിലവിൽ മൂന്നോ നാലോ ദിവസത്തിനു മാത്രമുള്ള കൽക്കരിയാണ് ഡൽഹിക്കു വേണ്ട വൈദ്യുതി ഉൽപാദിപ്പിക്കുന്ന താപവൈദ്യുത നിലയങ്ങളിലുള്ളത്.
വടക്ക്, വടക്കുപടിഞ്ഞാറൻ ഡൽഹിയിലേക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുന്നത് ടിപിഡിഡിഎൽ ആണ്. വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കൾക്ക് ടിപിഡിഡിഎൽ സന്ദേശങ്ങൾ അയച്ചുകഴിഞ്ഞിട്ടുണ്ട്.